Sorry, you need to enable JavaScript to visit this website.

ആ 'നബിദിനം' പിന്നെ ആരുടേത്? ചർച്ച കൊഴുക്കുന്നു

ടിക് ടോക്ക് താത്തമാരുടെ പ്രവാചക അപദാനങ്ങൾ; കൊണ്ടും കൊടുത്തും വാദങ്ങൾ

കോഴിക്കോട് - ആ 'നബിദിനം' സുന്നികളുടേതല്ലെന്ന സമസ്ത നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുള്ള ചർച്ചകൾ പലവിധം. നബിദിനാഘോഷം അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും അംഗീകരിക്കുന്നവരിൽതന്നെയും ഇത്തരം പേക്കൂത്തുകളെ എതിർക്കുന്നവരുമെല്ലാം ചർച്ചയിൽ പങ്കെടുത്തെങ്കിലും വിവാദ വീഡിയോയുടെ ഉറവിടം ഇപ്പോഴും അവ്യക്തം.  
 അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'നബിദിനം 2022' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ തള്ളിപ്പറഞ്ഞാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവും പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് ആ 'നബിദിനം' സുന്നികളുടേതല്ലെന്ന് ഈയിടെ എഫ്.ബി കുറിപ്പിട്ടത്. ഇതിനെ അനുകൂലിച്ചും നബിദിനാഘോഷത്തെ വിമർശിച്ചും വിവിധ പ്രതികരണങ്ങളും അതോടനുബന്ധിച്ചുണ്ടായി. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

നബിജയന്തി യാത്രയും ടിക് ടോക്ക് താത്തമാരുടെ പ്രവാചക അപദാനങ്ങളും മലപ്പുറം ജില്ലയിലെ താനൂരിനടുത്ത ഉണ്ണിയാലിൽ നബിദിന റാലിയ്ക്കിടെയുണ്ടായ കത്തിക്കുത്തുമെല്ലാം വിമർശന വിധേയമായി. മാലമൗലീദ് കീർത്തനങ്ങളും മറ്റുമായി കഴിഞ്ഞവർ, ഇപ്പോൾ സിനിമാറ്റിക് ഡാൻസുകാരെ പോലും വെല്ലുന്ന സംഗീതലഹരിയിലാണ്. വഴിയിൽനിന്നും ഉപദ്രവം നീക്കുന്നതുപോലും പുണ്യകരമാണെന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾതന്നെ വഴികളിൽ ഘോഷയാത്രയും മറ്റും സംഘടിപ്പിച്ച് മാർഗതടസ്സമുണ്ടാക്കുന്ന കാഴ്ച! പ്രവാചകനെ സ്‌നേഹിക്കുന്ന ഗൾഫ് നാടുകളിലൊന്നും ഇത്തരമൊരു ആഘോഷം തന്നെയില്ല, പിന്നെ ഈ പുണ്യദിനത്തിന്റെ പേരുപറഞ്ഞ് തെരുവിലിറങ്ങുന്നവരുടെ നാണംകെടുത്തുന്ന ചെയ്തികൾ ആർക്കുവേണ്ടി? ആരുടെ പ്രീതിക്കുവേണ്ടിയെന്നെല്ലാം നിരവധി ചോദ്യങ്ങളാണുയർന്നത്. 

Read More:  ആ 'നബിദിനം' സുന്നികളുടേതല്ല- അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

ആണും പെണ്ണും കൊഞ്ചിക്കുഴഞ്ഞും കെട്ടിപ്പിടിച്ചുമുള്ള പ്രസ്തുത സ്റ്റേജ് പ്രോഗ്രാം ഗാനമേളകളിൽ പോലും കാണാത്തവിധം ആഭാസകരമായിരുന്നു. ഇതേ തുടർന്ന് നബിദിനം ആഘോഷിക്കുന്നവർ ഏറെ പ്രതിരോധത്തിലായ ഘട്ടത്തിലാണ് അതിനെ പരസ്യമായി തള്ളിപ്പറയാൻ പലരും നിർബന്ധിതരായത്. പ്രസ്തുത പരിപാടിക്ക് ഇസ് ലാമുമായി യാതൊരു ബന്ധവുമില്ലെന്നും സമസ്തയുടെ പ്രവർത്തകരുണ്ടെങ്കിൽ അതിനെതിരെ നടപടി എടുക്കുമെന്നും ഹമീദ് ഫൈസി വ്യക്തമാക്കുകയുണ്ടായി. ഒപ്പം, സ്ത്രീകൾ പള്ളികളിലും പൊതുവേദികളിലും വരേണ്ടെന്ന് ഇസ് ലാം നിർദ്ദേശിച്ചതാണെന്നും അത് ഇനിയും നിയമാനുസൃതം വിലക്കുമെന്നും ഇത് പ്രചരിപ്പിക്കുന്നതിൽ സുന്നികൾക്ക് യാതൊരു ചമ്മലും ഇല്ലെന്നും പറഞ്ഞു. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം സ്റ്റേജുകളിലും തെരുവുകളിലും ആടിക്കുഴയുന്നതല്ല നബിദിനമെന്നും അത്തരം പരിപാടികളോട് യോജിക്കാനാവില്ലെന്നും സമസ്ത നേതാവ് വ്യക്തമാക്കുന്നു. പ്രവാചകസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്നും അതിനാൽ നബിയുടെ ജന്മദിനാഘോഷം അതിരുകൾ ലംഘിക്കാതെ ഭക്തിനിർഭരമാവണമെന്ന് ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ വിവിധ സുന്നി സംഘടനകളും ഓർമിപ്പിക്കുന്നു.
  എന്നാൽ, പ്രവാചകന്റെയോ സഹാബത്തിന്റെയോ മറ്റു പ്രമാണങ്ങളുടെയോ പിൻബലമില്ലാത്ത അനാചാരമാണ് നബിദിനാഘോഷമെന്നാണ് അതിനെ വിമർശിക്കുന്ന മുജാഹിദ് സംഘടനകളുടെയും മറ്റും നിലപാട്. പ്രവാചകനെയും ആ മഹാനുഭാവൻ വിഭാവനംചെയ്ത ദർശനങ്ങളെയും കൂടുതൽ വികൃതമാക്കുന്ന ചെയ്തികളാണ് നബിദിനാഘോഷത്തിന്റെ പേരിൽ നടക്കുന്നതെന്നും ഇതിന് ഇസ് ലാമിൽ തെളിവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആണ്ടുനേർച്ചകൾക്കും മറ്റും സ്ത്രീകളെ തെളിക്കുന്നവർ, സ്ത്രീകൾക്ക് മതം അനുവദിച്ച പള്ളികളിലെ ആരാധാനാ സ്വാതന്ത്ര്യവും പൊതുരംഗ പ്രവേശവുമെല്ലാം വിലക്കുകയാണ്. മതപൗരോഹിത്യത്തിന്റെ കളിപ്പാവകളാണ് ഇത്തരം ചൂഷണങ്ങൾക്ക് കുട പിടിക്കുന്നത്. അവരെ തിരിച്ചറിയണമെന്നും 'ആ നബിദിനം' എന്നല്ല, നബിദിനാഘോഷം തന്നെ ഇസ് ലാാമികവിരുദ്ധമാണെന്നിരിക്കെ, അതിന്റെ പേരിൽ നടക്കുന്ന എല്ലാ പേക്കൂത്തുകളെയും സന്ധിയില്ലാതെ എതിർക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
 ജമാഅത്തെ ഇസ്ലാമിയും ഇതോട് തത്വത്തിൽ യോജിക്കുന്നുവെങ്കിലും പ്രവാചകന്റെ ജന്മദിനത്തിൽ നിത്യപ്രസക്തമായ പ്രവാചകദർശനങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാനാവശ്യമായ ഇടപെടലുകളെ പിന്തുണയ്ക്കുന്നു.
 എന്തായാലും വിവാദ വീഡിയോയുടെ പശ്ചാത്തലത്തിൽ നബിദിനാഘോഷത്തിലെ വിവിധ തലങ്ങളിലൂടെയാണ് ചർച്ച കൊഴുക്കുന്നത്. അപ്പോഴും സോഷ്യൽമീഡിയയിൽ വൈറലായ വിവാദ വീഡിയോ എവിടെ നടന്നതാണെന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. ഇതുസംബന്ധിച്ച് ഹമീദ് ഫൈസിയെ വിളിച്ചെങ്കിലും അദ്ദേഹം നാട്ടിലില്ലാതിനാൽ ബന്ധപ്പെടാനായില്ല.

Latest News