ദോഹ-നവംബര്‍ 20 ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പിന്തുണയ്ക്കാന്‍ പാരീസില്‍നിന്ന് ദോഹയിലേക്ക് സൈക്കിളില്‍ പുറപ്പെട്ട രണ്ട് ഫ്രഞ്ച് ഫുട്ബോള്‍ ആരാധകര്‍ ജോര്‍ദാനിലെത്തി.
ഡോക്യുമെന്ററി ഫിലിം മേക്കറായ മെഹ്ദി ബാലമിസ്സയും ടിവി പ്രൊഡ്യൂസറായ ഗബ്രിയേല്‍ മാര്‍ട്ടിനുമാണ് ആഗസ്റ്റ് 20ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട് സൈക്കിളില്‍ 5,000 കിലോമീറ്റര്‍ പിന്നിട്ട് ജോര്‍ദാനിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒരു നേഷന്‍സ് ലീഗ് മത്സരത്തിനായി ഇറ്റലിയിലേക്ക് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് ഇരുവരും ഈ ആശയം മുന്നോട്ട് വച്ചത്. ഖത്തര്‍ ലോകകപ്പിന് ഫ്രാന്‍സില്‍ നിന്നും സൈക്കിള്‍ ചവിട്ടി ദോഹയിലെത്താന്‍ തീരുമാനിക്കുകയും യാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
നവംബര്‍ 22 ന് ഓസ്ട്രേലിയയ്ക്കെതിരായ ഫ്രാന്‍സിന്റെ ഓപ്പണിംഗ് ഗെയിമിന് മുമ്പായി തങ്ങളുടെ നീണ്ട യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഈ യാത്രയിലൂടെ സുസ്ഥിരമായ ചലനാത്മകതയെ പ്രോത്സാഹിപ്പിക്കാനും മറ്റൊരു യാത്രാമാര്‍ഗ്ഗം സാധ്യമാണെന്ന് ബോധ്യപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയും. നമ്മുടെ കാലുകള്‍ കൊണ്ട് നമ്മുടെ സ്ഥലത്തിന് ചുറ്റുമുള്ള നിരവധി സാഹസികതകള്‍ കാണിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രായോഗികമായി അടയാളപ്പെടുത്തുകയാണ് 26 കാരനായ ബാലമിസ്സ റോയിട്ടേഴ്സിനോട് പറഞ്ഞു.
ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ ഈ ആഴ്ചയാണ് ജോര്‍ദാനിലെത്തിയത്. അധികം താമസിയാതെ സൗദി അറേബ്യയും കടന്നാണ് ദോഹയിലെത്തുക.