റിയാദ്- അഞ്ചര മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ പതിനഞ്ചു മുതൽ കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കാലത്ത് 2,65,733 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 10,36,320 നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 7,59,881 പേർ ഇഖാമ നിയമ ലംഘകരും 1,90,637 പേർ തൊഴിൽ നിയമ ലംഘകരും 85,802 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
അഞ്ചര മാസത്തിനിടെ അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 15,132 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 57 ശതമാനം പേർ യെമനികളും 40 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഇതേ കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് കടക്കുന്നതിന് ശ്രമിച്ച 680 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് യാത്രാ, താമസ സൗകര്യങ്ങൾ നൽകിയതിന് 1891 വിദേശികളെയും 320 സൗദികളെയും പിടികൂടി. സൗദികളിൽ 294 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 26 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
നിലവിൽ 10,337 പുരുഷന്മാരും 1781 വനിതകളും അടക്കം 12,118 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേയരാക്കിവരികയാണ്. 1,89,852 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത 1,46,640 പേർക്ക് താൽക്കാലിക പാസ്‌പോർട്ടുകൾ ലഭ്യമാക്കുന്നതിന് എംബസികളുടെയും കോൺസുലേറ്റുകളുടെയും സഹായം തേടി. നാടുകടത്തുന്നതിനു മുന്നോടിയായി 1,77,562 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.