പ്രയാഗ്‌രാജ്- ഉത്തര്‍ പ്രദേശില്‍ ഡെംഗു പനി ബാധിച്ചയാള്‍ക്ക് പ്ലാസ്മക്കു പകരം
നല്‍കിയത് മുസമ്പി ജ്യൂസ്. രോഗി മരിച്ചതോടെ വ്യാജ രക്തബാങ്കിനെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് വ്യാജ ബ്ലഡ് ബാങ്കിനെ കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
പ്ലാസ്മയും മുസമ്പി ജ്യൂസും ഒരുപോലിരിക്കും.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ തന്നെ ലഭിക്കുമെന്നും യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് ഡെംഗു പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരോടും പാരാമെഡിക്കല്‍ ജീവനക്കാരോടും അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡെംഗു നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് ബോധിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കടതിയുടെ ലഖ്‌നൗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.