Sorry, you need to enable JavaScript to visit this website.

അലിഗഡ് യുണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ഛായാചിത്രം; വിവാദവും വസ്തുതയും

48 മണിക്കൂറിനകം നീക്കണമെന്ന് ഹിന്ദു യുവ വാഹിനി

അലിഗഡ് -അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സ്റ്റുഡന്റ്‌സ് യൂണിയൻ ഹാളിലെ പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ നീക്കുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്രഹിന്ദുത്വവാദി സംഘടനയായ ഹിന്ദു യുവ വാഹിനി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി അധികൃതർ ഇതിനു തയാറായില്ലെങ്കിൽ ഹിന്ദു യുവവാഹിനി പ്രവർത്തകർ ബലപ്രയോഗത്തിലൂടെ ജിന്നയുടെ ചിത്രം പുറത്തെറിയുമെന്നും വൈസ് പ്രസിഡന്റ് ആദിത്യ പണ്ഡിറ്റ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഈ ഭീഷണിക്കു തൊട്ടുപിറകെയാണ് ഒരു കൂട്ടം ഹിന്ദു യുവ വഹിനി പ്രവർത്തകർ ഇന്ന് യൂണിവേഴ്‌സിറ്റ് ക്യാമ്പസിലേക്ക് ഇരച്ചെത്തി വിദ്യാർത്ഥികൾക്കു നേരെ ആക്രമണമഴിച്ചു വിട്ടത്. മുൻ ഉപരാഷ്ട്രപതിയും മുൻ വൈസ് ചാൻസലർ കൂടിയായ ഹാമിദ് അൻസാരിക്ക് അലിഗഡ് വിദ്യാർത്ഥി യൂണിയനിൽ സ്ഥിരാംഗത്വം എന്ന ബഹുമതി ഏറ്റുവാങ്ങാനായി ക്യാമ്പസിലെത്തിയതിനു തൊട്ടുപിറകെയായിരുന്നു ഈ സംഭവം. 

ജിന്നയുടെ ഛായാ ചിത്രം അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത് എന്തിനാണെന്ന് വൈസ് ചാൻസലർ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രണ്ടു ദിവസം മുമ്പാണ് രംഗത്തെത്തിയത്. അര നൂറ്റാണ്ടിലേറെ കാലമായി അലിഗഡിലെ വിദ്യാർത്ഥി യൂണിയൻ ഹാളിലെ ചുമരിൽ തൂങ്ങുന്ന ജിന്നയുടെ ചിത്രം എങ്ങനെ അവിടെ എത്തി എന്ന ചരിത്രം കൂടി അറിഞ്ഞാലെ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാകൂ. 

1920ൽ സ്ഥാപിതമായ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് അന്ന് മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്ന. യൂണിവേഴ്‌സിറ്റിക്ക് വേണ്ടി വലിയ സംഭാവനകളും അദ്ദേഹത്തിന്റെ വകയായുണ്ട്. അന്ന് പാക്കിസ്ഥാൻ എന്ന രാജ്യം ചിത്രത്തിൽ പോലുമില്ലെന്നത് വസ്തുതയാണ്. പിന്നീട് 1938ലാണ് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനിൽ ജിന്നയ്ക്ക് സ്ഥിരാംഗത്വം നൽകുന്നത്. പ്രമുഖ വ്യക്തിത്വങ്ങൾക്ക് നൽകുന്ന ഒരു ബഹുമതിയാണിത്. ഒരു ആലങ്കാരികക പദവി മാത്രം. 

ജിന്ന മാത്രമല്ല, അവിഭക്ത ഇന്ത്യയുടെ ദേശീയ നേതാക്കളായിരുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ജവാഹർ ലാൽ നെഹ്‌റു, മൗലാന ആസാദ്, മുൻ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, സർവെപള്ളി രാധാകൃഷ്ണൻ, സി രാജഗോപാലാചാരി, ബ്രിട്ടീഷ് എഴുത്തുകാരൻ ഇ എം ഫോസ്റ്റർ തുടങ്ങി പ്രമുഖർക്കെല്ലാം അലിഗഡ് വിദ്യാർത്ഥി യൂണിയൻ ഈ പദവി നൽകി ആദരിച്ചിട്ടുണ്ട്. ഈ പദവി നൽകി ആദരിക്കപ്പെട്ട ആദ്യ വ്യക്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ്. 1920 ഒക്‌ടോബർ 29നാണ് ഗാന്ധിക്ക് ഈ പദവി നൽകിയത്. ഇങ്ങനെ സ്ഥിരാംഗത്വം ലഭിച്ച നേതാക്കളുടെ ഛായാ ചിത്രങ്ങളെല്ലാം യൂണിയൻ ഹാളിൽ സ്ഥാപിക്കപ്പെടും. ഇതിലൊന്നാണ് ജിന്നയുടേതും. ഇവരുടെ ഛായാ ചിത്രങ്ങൾ അവിഭക്ത ഇന്ത്യയുടെ സമ്പന്ന പൈതൃകത്തിന്റെ ഭാഗമാണെന്ന് യൂണിവേഴ്‌സിറ്റി വക്താവ് പ്രൊഫസർ ഷഫി ഖിദ്വായ് പറയുന്നു.

യുണിവേഴ്‌സിറ്റി സ്ഥാപകരിൽ ഒരാളും പാക്കിസ്ഥാൻ രൂപീകരണ ആവശ്യം ഉയർന്നു വരുന്നതിനു വർഷങ്ങൾക്കു മുമ്പ് യുണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ സ്ഥിരാംഗത്വം നൽകി ആദരിച്ച വ്യക്തിയുമായ ജിന്നയുടെ ഛായാചിത്രം ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറിയിട്ടും പതിറ്റാണ്ടുകളോളം ഇവിടെ ഉണ്ട്. ഇതുവരെ ആരും ഒരു എതിർപ്പും ഉന്നയിച്ചിട്ടില്ല. കേന്ദ്രം ഭരിച്ച സർക്കാരുകൾ പോലും ഇതിൽ ഇടപെട്ടിട്ടില്ല. ഒരു ദേശീയ നേതാവും ഈ ചിത്രത്തിനെതിരെ എതിർപ്പു ഇക്കാലത്തിനിടെ ഉന്നയിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജിന്നയുടെ ചിത്രത്തിന്റെ പേരിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചനകൾ പുറത്തു വരുന്നത്. 

ഏതാനും ദിവസം മുമ്പ് ഒരു വിദ്യാർത്ഥി ക്യാമ്പസിൽ ആർ എസ് എസ് ശാഖ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അധികൃതർക്ക്് കത്തു നൽകിയിരുന്നു. ഇതു നിഷേധിക്കപ്പെട്ടതിനു തൊട്ടുപിറകെയാണ് അലിഗഡിലെ ബിജെപി എംപി ജിന്നയുടെ ചിത്രം വിവാദമാക്കിയത്. ഇതിനടെയാണ് ഇന്ന് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയന്റെ സ്ഥിരാംഗത്വമെന്ന ബഹുമതി സ്വീകരിക്കാൻ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എത്തിയതിനു തൊട്ടുപിറകെ ഹിന്ദുത്വ ഗുണ്ടകൾ ക്യാമ്പസിൽ അതിക്രമിച്ചു കടന്നു ആക്രമണം അഴിച്ചു വിട്ടത്.
 

Latest News