ന്യൂദൽഹി- യുദ്ധം വീണ്ടും മൂർച്ഛിച്ച സഹചര്യത്തിൽ ഉക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശം. ഉക്രൈനിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഉക്രൈൻ വിടണമെന്നും ഉക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിൻ ബുധനാഴ്ച ഉക്രൈനിന്റെ നാല് പ്രദേശങ്ങളിൽ പട്ടാളനിയമം ഏർപ്പെടുത്തിയ പശ്ചാതലത്തിലാണ് നിർദ്ദേശം. അതേസമയം അധിനിവേശ നഗരമായ കെർസൺ വാസികൾ അപകടമുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകളിൽ രക്ഷപ്പെട്ടു. കെർസണിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ ചിത്രങ്ങൾ റഷ്യൻ സ്‌റ്റേറ്റ് ടി.വി സംപ്രേക്ഷണം ചെയ്തു. ഡിനിപ്രോ നദിയുടെ വലത്തുനിന്ന് ഇടത് കരയിലേക്കാണ് ആളുകൾ മാറിയത്. കെർസൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പുടിൻ സൈനികനിയമം ഏർപ്പെടുത്തിയത്. റഷ്യ അധിനിവേശ പ്രദേശങ്ങളിൽ സൈനിക നിയമം നടപ്പിലാക്കുന്നത് ഉക്രൈനികളുടെ സ്വത്ത് കൊള്ളയടിക്കുന്നതിനുള്ള കപടനിയമമായി മാത്രമേ കണക്കാക്കൂവെന്ന് ഉക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു.