ന്യൂദല്‍ഹി- ഐ.എസിന്റെ കീഴിലുള്ള വോയ്‌സ് ഓഫ് ഹിന്ദുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബുധനാഴ്ച രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ഒരാളെ പിടികൂടി. വാരണാസിയിലും ദല്‍ഹിയിലുമായിരുന്നു റെയ്ഡ്. തീവ്രവാദിയായ ബാസിത് കലാം സിദ്ദിഖിയെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഏജന്‍സി അറിയിച്ചു.
നിരോധിത ഭീകര സംഘടനയായ ഐ.എസിനു കീഴില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
വാരാണസി സ്വദേശിയായ സിദ്ദിഖി ഇന്ത്യയില്‍ നിന്ന് ഐഎസിനായി യുവാക്കളെ തീവ്രവാദികളാക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും സജീവ ശ്രമം നടത്തിയെന്ന് എന്‍.ഐ.എ പറയുന്നു.
24കാരനായ ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും നല്‍കിയിരുന്നു.