അലിഗഡ് - മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ സന്ദർശനത്തിനിടെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് ആയുധങ്ങളുമായി ഹിന്ദുത്വ ഗുണ്ടകൾ ഇരച്ചു കയറി വിദ്യാർത്ഥികൾക്കു നേരെ ആക്രമണമഴിച്ചു വിട്ടു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പുറത്തു നിന്നെത്തിയ ഗുണ്ടകളുടെ വിളയാട്ടം. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ 15ഓളം പ്രവർത്തകരാണ് തോക്കുകളും മറ്റു ആയുധങ്ങളുമായി പോലീസിന്റെ സഹായത്തോടെ ക്യാമ്പസിലേക്ക് അതിക്രമച്ചു കയറിതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചു പരിക്കേൽപ്പിക്കുന്നതിനിടെ മറ്റു വിദ്യാർത്ഥികളും വിദ്യാർത്ഥി യൂണിയൻ അംഗങ്ങളും സ്ഥലത്തെത്തി ഗുണ്ടകളെ നേരിടുകയായിരുന്നു. ആറു ആക്രമികളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും ഇവരെ കേസെടുക്കാതെ വിട്ടയച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു.
സർവകലാശാലയുടെ മുഖ്യ കവാടമായ ബാബ് സെയ്ദിലൂടെയാണ് ആക്രമികൾ അതിക്രമിച്ചു കടന്നത്. ആക്രമം നടത്തിയവരെ ഉടൻ പിടികൂടിയില്ലെങ്കിൽ വിദ്യാർത്ഥികൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് പോലീസിനു വിദ്യാർത്ഥി യൂണിയൻ മുന്നറിയിപ്പു നൽകി. ആക്രമികളെ തുരത്താൻ പോലീസ് നടത്തിയ ലാത്തിവീശലിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മസ്‌കൂർ ഉസ്മാനി, സെക്രട്ടറി മുഹമ്മദ് ഫഹദ്, മുൻ വൈസ് പ്രസിഡന്റ് മാസിൻ സെയ്ദി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും കാമറകളും പോലീസ് സുപ്രണ്ട് നേരിട്ട് പിടിച്ചെടുത്ത് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
അലിഗഡ് ക്യാമ്പസിൽ ആർ എസ് എസിന് ശാഖ നടത്താൻ അനുമതി നൽകണമെന്ന ഒരു വിദ്യാർത്ഥിയുടെ ആവശ്യം ഏതാനും ദിവസം മുമ്പ് യൂണിവേഴ്‌സിറ്റി അധികൃതർ തള്ളിയിരുന്നു. ക്യാമ്പസിൽ രാഷ്ട്രീയ പാർട്ടികളുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പരിപാടിക്ക് അനുമതി നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇതിനു തൊട്ടുപിറകെ യുണിവേഴ്‌സിറ്റിയിലെ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എം.എൽ.എ രംഗത്തെത്തിയിരുന്നു.