ലോക ജനസംഖ്യയില്‍ പത്തിലൊന്നും ശ്വസിക്കുന്നത് മലിനവായു
ജനീവ- ലോകത്ത് പത്തിലൊന്നു പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ) ബുധനാഴ്ച പുറത്തുവിട്ട അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. 108 രാജ്യങ്ങളിലെ 4,300 നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രപഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ 15 നഗരങ്ങളിൽ 14ഉം ഇന്ത്യൻ നഗരങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ജനങ്ങളാണ് വായുമലീനീകരണം മൂലം ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അന്തരീക്ഷ മലിനീരകണം കാരണം വർഷം തോറും 70 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. ഇതിൽ 90 ശതമാനവും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. എന്നാൽ അമേരിക്ക, യുറോപ്പ്, കിഴക്കൻ മെഡിറ്ററേനിയൻ മേഖലകളിലെ പലനഗരങ്ങളിലും ആരോഗ്യകരമായ തോതിനു അപ്പുറത്താണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ഏറ്റവും അന്തരീക്ഷ മലിനീകരണ തോതിൽ ഒന്നാം സ്ഥാനത്ത് ഉത്തർ പ്രദേശിലെ കാൺപൂരാണ്. ഇവിടുത്തെ വായുമലിനീകരണ തോത്(പിഎം 2.5 ലെവൽ) 173 ആണ്. ഫരീദാബാദ് (172), വരാണസി (151), ഗയ (149), പട്‌ന (144), ദൽഹി (143), ലഖ്‌നൗ (138), ആഗ്ര (131), മുസഫർപൂർ (120), ശ്രീനഗർ (113), ഗുഡ്ഗാവ് (113), ജയ്പൂർ (105), പാട്യാല (101), ജോധ്പൂർ (98) എന്നീ നഗരങ്ങളാണ് പട്ടികയിൽ ആദ്യ 14ൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ. 15ാമതായി കുവൈത്തിലെ അലി സുബഹ് അൽ സലിം (94) ആണ് പട്ടികയിലുള്ളത്.
വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 34 ശതമാനവും ഹൃദ്രോഗ ബാധയെ തുടർന്നാണ്. 21 ശതമാനം മരണങ്ങൾ ന്യൂമോണിയ കാരണവും 20 ശതമാനം പക്ഷാഘാതവും മൂലമാണ്. 19 ശതമാനം ഗുരുതരമായ ശ്വാസ കോശ രോഗങ്ങളാലും ഏഴും ശതമാനം ശ്വാസ കോശ അർബുദം കാരണവും മരണപ്പെടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.