Sorry, you need to enable JavaScript to visit this website.

ദളിത് വീട്ടിലെ യു.പി മന്ത്രിയുടെ അത്താഴം ചീറ്റി; ഭക്ഷവും വെള്ളവും പാത്രവും പുറത്തു നിന്നെത്തിച്ചത് 

അലിഗഡ് -ബിജെപി ഭരണത്തിലേറിയതോടെ ദളിതർക്കെതിരെ അതിക്രമങ്ങൾ വർധിച്ചെന്ന പേരുദോഷം മാറ്റാൻ ബിജെപി മന്ത്രിമാരും നേതാക്കളും കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മന്ത്രി സുരേഷ് റാണ ഒരു ദളിത് വീട്ടിൽ അത്താഴം കഴിച്ച് വാർത്തയാകാൻ ശ്രമം നടത്തിയതു പക്ഷെ തിരിച്ചടിയായി. അത്താഴം കഴിക്കാനെത്തിയ മന്ത്രി റാണ കഴിക്കാനുള്ള ഭക്ഷണവും വിളമ്പാനുള്ള പാത്രവുമെല്ലാം പുറത്തു നിന്നു കൊണ്ടു വന്നതായിരുന്നുവെന്ന് വീട്ടുകാർ തന്നെ വെളിപ്പെടുത്തിയതോടെയാണ് മന്ത്രിയുടേത് വെറും നാടകമായിരുന്നെന്ന് തെളിഞ്ഞത്. വീട്ടുകാരായ ദളിത് കുടുംബത്തെ വെറും കാഴ്ച്ചക്കാരാക്കി കുടിക്കാനുള്ള വെള്ളം പോലും മന്ത്രി പുറത്തു നിന്ന് കൊണ്ടുവന്നതായിരുന്നു. ദളിത് വീട്ടിൽ മന്ത്രി 'സ്വന്തമായി ഒരുക്കിയ' സുഭിക്ഷമായ അത്താഴത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

അലിഗഢ് ജില്ലയിലെ ലോഹാഗഢിലെ ദളിത് വീട്ടിൽ മന്ത്രിയും പരിവാരങ്ങളും രാത്രി 11 മണിക്കാണ് മുന്നറിയിപ്പൊന്നുമില്ലാതെ അത്താഴം കഴിക്കാനെത്തിയത്. പാലക് പനീർ, ഛൊലെ, ദാൽ മക്ക്‌നി, പുവാല്, തന്തൂരി റൊട്ടി, ഗുലാബ് ജാം, സാലഡ് തുടങ്ങിയ വൈവിധ്യ വിഭവങ്ങളടങ്ങിയതായിരുന്നു അത്താഴം. എന്നാൽ ഇതൊന്നും ദളിത് കുടുംബം വീട്ടിലുണ്ടാക്കിയതായിരുന്നില്ല.

മന്ത്രി അത്താഴത്തിനു വരുന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നുവെന്ന് വീട്ടുകാരനായ രജനീഷ് കുമാർ പറയുന്നു. എല്ലാ ഭക്ഷണവും വെള്ളവും പാത്രങ്ങൾ വരെ അവർ പുറത്ത് നിന്ന് കൊണ്ടു വന്നതായിരുന്നുവെന്ന് മന്ത്രിക്ക് ആതിഥ്യമരുളിയ കുമാർ പറയുന്നു. രാത്രി 11 മണിക്ക് മന്ത്രിയും സംഘവും തന്റെ വീട്ടിലേക്കു കയറി വരുന്നത് കണ്ട് ഞാൻ അമ്പരന്നു-കുമാർ പറയുന്നു. മന്ത്രിക്കുള്ള കിടക്ക, കൂളറുകൾ തുടങ്ങി പ്രാദേശിക അധികാരികൾ എല്ലാ സംവിധാനങ്ങളും കമ്യൂണിറ്റി സെന്ററിൽ ഒരുക്കിയിരുന്നു. 

അതേസമയം താൻ ദളിത് കുടുംബ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചതെന്ന് മന്ത്രി റാണ പറഞ്ഞു. പുറത്ത് നിന്ന് ഭക്ഷണമെത്തിച്ചത് തന്റെ കൂടെ കൂടുതൽ പേരുണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരോടും മന്ത്രിമാരോടും ദളിത് ഗ്രാമങ്ങളിൽ ഒരു രാത്രി ചെലവിടണമെന്ന് ബിജെപി നിർദേശം നൽകിയത് കഴിഞ്ഞമാസമാണ്. 50 ശതമാനമോ അതിൽ കൂടുതലോ ദളിതരുള്ള ഗ്രാമങ്ങളിലും അവരുടെ വീടുകളും സന്ദർശിച്ച് ദളിത് സമുദായത്തോട് സൗഹൃദം കാട്ടണമെന്നായിരുന്നു നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നത് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഈ നീക്കം.
 

Latest News