Sorry, you need to enable JavaScript to visit this website.

മധ്യകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള യുദ്ധക്കളമാക്കരുത്, മോഡിക്ക് ഉവൈസിയുടെ കത്ത്

ഹൈദരാബാദ്- ആരാധനാലയ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
1947 ഓഗ്‌സറ്റില്‍ നിലവിലുള്ള ആരാധനാലയങ്ങളുടെ സ്വഭാവം സംരക്ഷിക്കണമെന്ന നിയമം പാര്‍ലമെന്റ് പാസാക്കയത് രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും സംരക്ഷിക്കാനാണെന്ന് കത്തില്‍ ഉണര്‍ത്തി. ബാബരി മസ്ജിദ് കേസ് തീര്‍പ്പാക്കുമ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

1991 ലെ നിയമം നടപ്പിലാക്കിയതിലൂടെ രാജ്യം ഭരണഘടനാപരമായ പ്രതിബദ്ധതയും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുവെന്ന് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് നിയമത്തിന്റെ ഉദ്ദേശവും സുപ്രീം കോടതിയുടെ നിരീക്ഷണവുമെന്ന്  ഉവൈസി പറഞ്ഞു.

ആധുനിക ഇന്ത്യക്ക് മധ്യകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള യുദ്ധക്കളമാകാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ
നിയമനിര്‍മ്മാണത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മോഡി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഉവൈസി അഭ്യര്‍ഥിച്ചു.  

1991ലെ ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ കത്ത്.

 

Latest News