പട്‌ന- ബിഹാറിൽ നിതീഷ് കുമാർ സർക്കാർ സംസ്്ഥാന പോലീസിൽ നടത്തിയ അഴിച്ചുപണിയിൽ സിബിഐയിലേക്ക് ട്രാൻസ്ഫർ ലഭിച്ച മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിവച്ച് നടത്തിയ ആഘോഷം വിവാദമായി. കത്യാർ പോലീസ് സുപ്രണ്ടായ സിദ്ധാർത്ഥ് മോഹൻ ജെയ്ൻ ഐപിഎസാണ് ചൊവ്വാഴ്ച രാത്രി സംഘടിപ്പിച്ച യാത്രയയപ്പു പരിപാടിയിൽ ആകാശത്തേക്ക് ഒമ്പതു തവണ വെടിയുതിർത്തത്. പരിപാടിക്കെത്തിയ ആളുകൾക്കിടയിൽ നിന്ന് പോലീസുദ്യോഗസ്ഥൻ വെടിവയ്ക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്.
പരിപാടിക്കിടെ മറ്റൊരു ഓഫീസറായ മിഥിലേഷ് മിശ്ര ഹിന്ദി ഗാനം ആലപിച്ചു കൊണ്ടിരിക്കെയാണ് തൊട്ടടുത്ത് നിൽക്കുകയായിരുന്ന സിദ്ധാർത്ഥ് മോഹൻ ജയിൻ പൊടുന്നനെ ആകാശത്തേക്ക് തുരുതരാ വെടിയുതിർത്തത്. പാട്ടിന്റെ താളത്തിനൊത്ത് ഒമ്പതു തവണ ഇദ്ദേഹം വെടിവച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈ ദൃശ്യം വീഡിയോയിൽ വ്യക്തമാണ്. സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്കു വേണ്ടി നടത്തിയ സംയുക്ത യാത്രയയപ്പു പരിപാടിയിരുന്നു ഇത്. രാത്രി വൈകുവോളം പാർട്ടി നീണ്ടു.
ഔദ്യോഗിക ആവശ്യത്തിനുള്ള ആയുധം ദുരുപയോഗം ചെയ്തതിന് ഓഫീസർക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. മുതിർന്ന ഐപിഎസ് ഓഫീസറുടെ നിരുത്തരവാദപരവും ചട്ടവിരുദ്ധവുമായി പ്രവർത്തിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. മുങ്കറിൽ നിന്നും ഭഗൽപൂരിലേക്ക് സ്ഥലംമാറ്റിയ മറ്റൊരു പോലീസ് സുപ്രണ്ട് ആൾക്കുട്ടത്തിനൊപ്പം പൂമാലയണിഞ്ഞ് തെരുവിൽ നൃത്തം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.