Sorry, you need to enable JavaScript to visit this website.

കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ ഓഫീസറെ വെടിവച്ചു കൊന്നു; ഗൗരവതരമെന്ന് സുപ്രീം കോടതി

ഷിംല- ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ കസോലിയില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ഇതിനു നേതൃത്വം നല്‍കിയ വനിതാ ഓഫീസറെ കെട്ടിട ഉടമ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം ഗൗരവതരമെന്ന് സുപ്രീം കോടതി. സംഭവം സ്വമേധയാ പരിഗണിച്ച കോടതി കേസ് അനുയോജ്യമായ ബെഞ്ചിനു വിടും. കസോലിയില്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ കയ്യേറ്റങ്ങള്‍ ഓഴിപ്പിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഇതിനിടെയാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ഷാഹില്‍ ബാല ശര്‍മയെ ഓരു കെട്ടിട ഉടമയായ വിജയ് ഠാക്കൂര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

ഇതു അതീവ ഗൗരവരതരമാണെന്നും കൊലപാതകം നടത്തിയ വിജയ് ഠാക്കൂര്‍ കോടതി ഉത്തരവിനെതിരായാണ് ഈ ഹിന കൃത്യം ചെയ്തതെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത ന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കൊല്ലപ്പെട്ട ഓഫീസര്‍ കോടതി ഉത്തരവ് നടപ്പാക്കുകയായിരുന്നെന്നും ഇതിന്റെ പേരില്‍ ആളുകളെ കൊല്ലുകയാണെങ്കില്‍ കോടതിക്ക് ഉത്തരവിടുന്നത് നിര്‍ത്തേണ്ടി വരുമെന്നും ബെഞ്ച് പറഞ്ഞു. ഈ കേസ് നാളെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. 

കസോലിയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഷാഹില്‍ ബാല ശര്‍മയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നടപടികളാരംഭിച്ചത്. ഒഴിപ്പിക്കല്‍ ശ്രമത്തിനിടെ ഒരു ഹോട്ടലുടമായ വിജയ് ഠാക്കൂര്‍ ശര്‍മയുടെ വാഗ്വാദത്തിലേര്‍പ്പെടുകയും പൊടുന്നനെ വെടിയുതിര്‍ക്കുകയുമായിരുന്നു. കസോലിയിലെ നാരായണി ഗസ്റ്റ് ഹൗസില്‍വച്ചായിരുന്നു സംഭവം. മൂന്നു വെടിയേറ്റ ശര്‍മയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രതി വിജയ് ഠാക്കൂര്‍ മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. ഠാക്കൂറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്.

പൊളിച്ചുമാറ്റേണ്ട ഹോട്ടല്‍ മുറികള്‍ ഒഴിപ്പിക്കുകയായിരുന്ന മറ്റൊരുദ്യോഗസ്ഥന്‍ ഗുലാബ് സിങിന് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തെ തുടര്‍ത്ത് കസോലിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്. 


 

Latest News