Sorry, you need to enable JavaScript to visit this website.

VIDEO - ലക്കിടിയില്‍ തകര്‍പ്പന്‍ മഴ, ടൂറിസ്റ്റുകള്‍ക്ക് ഹരമായി

വൈത്തിരി-പൂര്‍വേന്ത്യയിലെ ചിറാപുഞ്ചി പോലെ വയനാട്ടിലെ ലക്കിടിയും പ്രസിദ്ധമാണ്. പലപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തുന്ന പ്രദേശമെന്ന ഖ്യാതി ലക്കിടിയ്ക്ക് ലഭിക്കാറുണ്ട്. താമരശേരി ചുരത്തിന്റെ സൗന്ദര്യം നുകര്‍ന്ന് ഹെയര്‍ പിന്‍ വളവുകള്‍ പിന്നിട്ട് ലക്കിടിയിലെത്തുമ്പോള്‍ പ്രത്യേക അനുഭവമാണ്. ഇന്ന് പകല്‍ അപ്രതീക്ഷിതമായി നിലയ്ക്കാത്ത മഴ ലഭിച്ചത് വിനോദ സഞ്ചാരികള്‍ക്ക് ആവേശം പകര്‍ന്നു. പ്രദേശത്തെ റിസോര്‍ട്ടുകളിലെല്ലാം മഴയുടെ മനോഹര ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നവരെ കാണാമായിരുന്നു. ചുരത്തിന് മുകളിലെ വ്യൂ പോയന്റുകളില്‍ സാധാരണ പോലെ സെല്‍ഫിയെടുക്കുന്നവരുടെ തിരക്ക് കണ്ടതുമില്ല. 

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുമുണ്ടായി.  തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ കല്ലുകളും മരങ്ങളും അടക്കം ചുരം റോഡിലേയ്ക്ക് ഒലിച്ചിറങ്ങിയെങ്കിലും ആ സമയത്ത് വാഹനങ്ങള്‍ കടന്നു പോകാത്തത് കൊണ്ട് വലിയ അപകടം ഒഴിവായി. മണ്ണിടിച്ചിനെ തുടര്‍ന്ന് ചുരം റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. ജെ സി ബി ഉപയോഗിച്ച് കല്ലും മണ്ണും ദേശീയ പാതയില്‍ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.. മണ്ണിടിച്ചില്‍ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ചുരം വഴി കടന്നു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍  ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ നിര്‍ത്താതെ തുടരുന്നതിനാല്‍ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കേരളത്തില്‍ ഇടമലയാറ്റിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാദ്ധ്യതയുളളതിനാല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കോഴിക്കോട് നഗരത്തില്‍ പകല്‍ പല സമയത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കാലാവസ്ഥ പ്രവചനങ്ങളില്‍ പറയുന്നത് പോലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കുകയും ചെയ്തു. ഇന്നുച്ചയ്ക്ക് മലാപ്പറമ്പ് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് മഴ പെയ്തപ്പോള്‍ പാളയം-കല്ലായി ഭാഗത്ത് തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മഴ തുടരുമെന്ന സൂചന നല്‍കി വടക്കന്‍ കേരളത്തില്‍ പലേടത്തും ചൊവ്വാഴ്ച രാത്രി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 

 

Latest News