ദുബായ്- യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് വന്‍തുക കവര്‍ന്ന സംഭവത്തില്‍ രണ്ട് ഏഷ്യക്കാര്‍ക്ക് വിധിച്ച ശിക്ഷ ദുബായ് അപ്പീല്‍ കോടതി അഞ്ച് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിച്ചു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട നാട്ടുകാരിയെ ജബല്‍ അലിയിലെ വില്ലയിലെത്തിച്ച് പണം കവര്‍ന്ന സംഭവം കഴിഞ്ഞ ജൂലൈയിലായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട യുവതിയെ നാട്ടുകാര്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയിലേക്കെന്ന് പറഞ്ഞാണ് ക്ഷണിച്ചിരുന്നത്.
പാര്‍ട്ടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് വാഹനവുമായി എത്തി അതില്‍ കയറ്റിയെന്നും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ മര്‍ദിക്കുകയും ഷോക്കേല്‍പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.
തുടര്‍ന്ന് യുവതിയെ ജബല്‍ അലി പ്രദേശത്തെ വില്ലയിലേക്ക് കൊണ്ടുപോയി, കൈവശമുണ്ടായിരുന്ന 5,000 ദിര്‍ഹവും ഫോണും കവര്‍ന്നു. ഇതിനു പുറമെ അബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,65,000 ദിര്‍ഹം അവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തന്നെ ആക്രമിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നും യുവതി ബോധിപ്പിച്ചിരുന്നു.
പിന്നീട് ഫോട്ടോകളും വീഡിയോ ക്ലിപ്പും നാട്ടിലുള്ള കുടുംബത്തിന് അയച്ച് പണം ആവശ്യപ്പെട്ടതായും പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ച യുവതി അവിടെ നിന്നാണ് പോലീസുമായി ബന്ധപ്പെട്ടത്.
ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇരയ്ക്ക് 1,70,000 ദിര്‍ഹം നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ യു.എ.ഇയില്‍നിന്ന് നാടുകടത്തും.