Sorry, you need to enable JavaScript to visit this website.

ദാവൂദിനേയും ഹാഫിസ് സഈദിനെയും ഇന്ത്യക്ക് നല്‍കുമോ, പാക്കിസ്ഥാന് മൗനം

പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) ഡയറക്ടര്‍ ജനറല്‍ മുഹ്‌സിന്‍ ഭട്ട് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിക്കെത്തുന്നു.

ന്യൂദല്‍ഹി - ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സഈദിനെയും ഇന്ത്യക്കു കൈമാറുമോയെന്ന ചോദ്യത്തിന് പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) ഡയറക്ടര്‍ ജനറല്‍ മുഹ്‌സിന്‍ ഭട്ടിന് മൗനം. ദല്‍ഹിയില്‍, രാജ്യാന്തര അന്വേഷണ ഏജന്‍സി കൂട്ടായ്മയായ ഇന്റര്‍പോളിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണു മുഹ്‌സിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം എത്തിയത്.
വര്‍ഷത്തിലൊരിക്കലാണ് ഇന്റര്‍പോള്‍ പൊതുസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മേളനത്തെ അഭിസംബോധന ചെയ്തു. 195 അംഗ രാജ്യങ്ങളിലെ മന്ത്രിമാരും പോലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തലവന്മാരുമാണു പങ്കെടുക്കുന്നത്. നാലു ദിവസത്തെ സമ്മേളനം 21നു സമാപിക്കും. 25 വര്‍ഷത്തിനു ശേഷമാണ് ഇന്റര്‍പോള്‍ സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.
ഇന്ത്യ തേടുന്ന ഭീകരരില്‍ ഉള്‍പ്പെട്ടവരാണു ദാവൂദും സഈദും. ഇരുവരും പാക്കിസ്ഥാനിലുണ്ടെന്നാണു റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍, വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ പ്രതിനിധിയുടെ ചോദ്യത്തോടാണു മുഹ്‌സിന്‍ മൗനം പാലിച്ചത്. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴാണു പാക്ക് സംഘം ദല്‍ഹിയില്‍ എത്തിയത്.
ദാവൂദിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല്‍ (ജാവേദ് ചിക്‌ന), ടൈഗര്‍ മേമന്‍ (ഇബ്രാഹിം മുഷ്താഖ് അബ്ദുല്‍ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും ഛോട്ടാ ഷക്കീലിനെപ്പറ്റി (ഷക്കീല്‍ ഷെയ്ഖ്) വിവരം നല്‍കിയാല്‍ 20 ലക്ഷവുമാണു പാരിതോഷികം.

 

Latest News