കീവ് - ഉക്രൈനിലെ ഊര്‍ജ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം വീണ്ടും ആക്രമണം ശക്തമാക്കിയതോടെ കീവിലും മറ്റ് നഗരങ്ങളിലും വൈദ്യുതി, വെള്ള ക്ഷാമം രൂക്ഷമായി. ഉക്രൈനിലുടനീളം സ്ഥിതി ഗുരുതരമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.
തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഡിനിപ്രോ നദിക്ക് സമീപമുള്ള വൈദ്യുതി നിലയത്തില്‍നിന്ന് കനത്ത പുക ഉയരുന്നുണ്ട്.
കീവിനു പടിഞ്ഞാറുള്ള ഷൈറ്റോമെറില് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടിക്കുകയാണ്. ഡിനിപ്രോയിലെ രണ്ട് ഊര്‍ജ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിച്ചു.
ആരും വൈദ്യുതി പാഴാക്കാതിരിക്കാന് ശ്രദ്ധിക്കണം, ആക്രമണം തുടര്‍ന്നാല്‍ പവര്‍ കട്ട് നിര്‍ബന്ധമാകുമെന്നും പ്രസിഡന്റിന്റെ ഓഫീസിലെ ഉപമേധാവി കെറിലോ ടിമോഷെങ്കോ പറഞ്ഞു. 'മുഴുവന്‍ ജനങ്ങളും കഠിനമായ ശൈത്യകാലത്തിനായി തയാറെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഉക്രൈനിലെ 30 ശതമാനം പവര്‍ സ്റ്റേഷനുകളും നശിപ്പിക്കപ്പെട്ടു, ഇത് രാജ്യത്തുടനീളം വന്‍തോതിലുള്ള ബ്ലാക്ക്ഔട്ടുകള്‍ക്ക് കാരണമായതായി പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്കി ട്വിറ്ററില്‍ പറഞ്ഞു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് താപവൈദ്യുത നിലയങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും ഒരു തൊഴിലാളി മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രേനിയന്‍ ഊര്‍ജ സ്ഥാപനമായ ഡിടെക് പറഞ്ഞു.
യുദ്ധം ശക്തമായ മുന്‍നിര നഗരങ്ങളില്‍നിന്ന് അകലെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ റഷ്യ അടുത്ത ആഴ്ചകളില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ക്കാന്‍ തിരക്കിട്ടശ്രമം നടക്കുന്നുവെങ്കിലും ശൈത്യകാലത്തിന് തൊട്ടുമുന്‍പായി നടന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ സ്ഥിതി രൂക്ഷമാക്കി.
ഇറാന് വിതരണം ചെയ്തതായി വിശ്വസിക്കപ്പെടുന്ന കാമികാസ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കീവിലും സുമിയിലും കുറഞ്ഞത് ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നൂറുകണക്കിന് പട്ടണങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി തടസ്സത്തിന് കാരണമായി.
ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ ഡ്രോണുകള്‍ എത്രത്തോളം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. റഷ്യന്‍ ബോംബര്‍മാര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായും ഒരു എസ്300 വിമാനവേധ മിസൈല്‍ തെക്കന്‍ നഗരമായ മൈക്കോളൈവിലെ ജനവാസ കെട്ടിടത്തില്‍ ഇടിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായും ഉക്രൈന് പറഞ്ഞു. നഗരത്തിലെ പൂവിപണിയും നശിച്ചു.
നഗരത്തില്‍ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും ആശുപത്രികള്‍ ബാക്ക്അപ്പ് പവറിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സൈറ്റോമൈറില്‍ മേയര്‍ പറഞ്ഞു. സൈറ്റോമിര്‍ മേഖലയിലെ 11 ഗ്രാമങ്ങളിലും വൈദ്യുതി ഇല്ല. മധ്യനഗരമായ ഡിനിപ്രോയില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. അവിടെ ഒരു വലിയ വൈദ്യുതി നിലയം നശിച്ചു. വൈദ്യുതി ലാഭിക്കാന്‍ തെരുവ് വിളക്കുകള്‍ അണക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വടക്ക് കിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കന്‍ നഗരമായ സപോരിജിയയിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചില നഗരങ്ങളില്‍, ഉക്രേനിയക്കാര്‍ പവര്‍ ജനറേറ്ററുകളും ഗ്യാസ് ബര്‍ണറുകളും വാങ്ങുകയാണ്. അതേസമയം രാജ്യത്തുടനീളം, പീക്ക് സമയങ്ങളില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചില പട്ടണങ്ങള്‍ ഇതിനകം തന്നെ ഇരുട്ടിലാണ്ടു.
അതിനിടെ, സപ്പോരിജിയയിലെ ആണവനിലയത്തില്‍നിന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ റഷ്യ തട്ടിക്കൊണ്ടുപോയതായി ഉക്രൈനിലെ സ്റ്റേറ്റ് ന്യൂക്ലിയര്‍ എനര്‍ജി കമ്പനി ആരോപിച്ചു. പ്ലാന്റ് റഷ്യന്‍ സേന കൈവശപ്പെടുത്തിയെങ്കിലും ഉക്രൈനിയന്‍ ജീവനക്കാര്‍ പ്രയാസകരമായ സാഹചര്യങ്ങളില്‍ അവിടെ ജോലി തുടരുകയായിരുന്നു.