Sorry, you need to enable JavaScript to visit this website.

ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ സംവിധാനം വേണം- ആര്‍.എസ്.എസ് പരിപാടിയില്‍ മന്ത്രി കിരണ്‍ റിജിജു

ന്യൂദല്‍ഹി- രാജ്യത്ത് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഭരണഘടന പ്രകാരം ജഡ്ജിമാരെ നിയമിക്കാനുള്ള ചുമതല സര്‍ക്കാരിനാണെന്നും മന്ത്രി പറഞ്ഞു. നേതാക്കള്‍ക്ക് ഇടയിലുള്ള രാഷ്ട്രീയം ജനങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍, ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷ്യറിക്കുള്ളിലെ രാഷ്ട്രീയം അവര്‍ അറിയാതെ പോകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കൊളീജിയം സംവിധാനം ഒട്ടും തന്നെ സുതാര്യമല്ലെന്നും നിയമ മന്ത്രി ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യം സംഘടിപ്പിച്ച സബര്‍മതി സംവാദില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ജനാധിപത്യത്തിനു മൂന്നു തൂണുകളുണ്ട്, ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയും. ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ചുമതലകളില്‍നിന്നു വ്യതിചലിക്കുമ്പോള്‍ ജുഡീഷ്യറി അതിനെ തിരുത്തുന്നു. എന്നാല്‍ ജുഡീഷ്യറിയെ ആരു തിരുത്തുമെന്നും അതിനൊരു സംവിധാനമില്ലെന്നും മന്ത്രി പറഞ്ഞു.
ജുഡീഷ്യല്‍ നിയമനത്തിനു കമ്മീഷന്‍ കൊണ്ടുവന്നപ്പോള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും കോടതി അതു റദ്ദാക്കുകയും ചെയ്തു. ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വരുന്നതാണ് ജുഡീഷ്യല്‍ ആക്ടിവിസം. പല ജഡ്ജിമാരും ഒരുപാടു നിരീക്ഷണങ്ങള്‍ കോടതിയില്‍ പറയും, എന്നാല്‍ അതൊന്നും വിധിയില്‍ ഉണ്ടാവില്ല. സ്വന്തം തോന്നലുകള്‍ മാത്രമാണ് ജഡ്ജിമാര്‍ പറയുന്നത്. പലപ്പോഴും ജഡ്ജിമാര്‍ സ്വന്തം ചുമതല വിട്ട് എക്സിക്യൂട്ടിവിന്റെ അധികാരത്തിലേക്കു കടന്നുകയറുന്നു. പ്രായോഗിക ബുദ്ധിമുട്ടുകളോ സാമ്പത്തിക ഞെരുക്കമോ ഒന്നും അറിയാതെയാണിത്. ഓരോരുത്തരും അവരവരുടെ ചുമതലകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് നല്ലത്. ഇതിനു സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ വേണം -മന്ത്രി പറഞ്ഞു.

 

Latest News