ലണ്ടന്‍- കോവിഡ് 19 മഹാമാരി ആയുര്‍ദൈര്‍ഘ്യത്തില്‍ നീണ്ട ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വര്‍ഷത്തിനിടെ ആഗോള മരണനിരക്കില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യു.കെയിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ചിലെയും ഗവേഷകര്‍ യൂറോപ്പിലെ 29 രാജ്യങ്ങളില്‍നിന്നുള്ള ഡാറ്റയും ചിലി, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചാണ് പഠനം നടത്തിയത്.
നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍, 2021 ലെ ആയുര്‍ദൈര്‍ഘ്യം 29 രാജ്യങ്ങളിലും പ്രതീക്ഷിച്ചതിലും കുറവാണെന്നും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള പ്രവണതകള്‍ തുടരുകയാണെന്നും കണ്ടെത്തി. എന്നാല്‍, കോവിഡ് 19 ന്റെ അളവും വ്യാപ്തിയും, മരണനിരക്കില്‍, ഫ് ളൂ പോലുള്ള രോഗത്തേക്കാള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന വാദത്തെ ആശയക്കുഴപ്പത്തിലാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാനവരാശിയെ തുടര്‍ച്ചയായി വേട്ടയാടിയ ഫ് ളൂ പകര്‍ച്ചവ്യാധികളില്‍ നിന്നുണ്ടായ ആയുര്‍ദൈര്‍ഘ്യ നഷ്ടം കോവിഡ് മഹാമാരി മൂലം ഉണ്ടായ ആയുര്‍ദൈര്‍ഘ്യ നഷ്ടത്തെക്കാള്‍ വളരെ ചെറുതും വ്യാപനം കുറഞ്ഞതുമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.