പാലാ- ജോലി വാഗ്ദാനം ചെയ്തു പണം കൈവശപ്പെടുത്തിയശേഷം യുവതിയെ ഒമാനില്‍ വീട്ടുതടങ്കലിലാക്കിയതായി പരാതി. ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി (34) ആണ് ഒമാനില്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.
രഞ്ജിനിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാവ് രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേല്‍ ബീന മന്ത്രി എ.കെ. ശശീന്ദ്രനു നിവേദനം നല്‍കി. ഒമാനില്‍ ഹോട്ടല്‍ നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ ജാഫര്‍ എന്നയാളാണു അധ്യാപികയുടെ ജോലി വാഗ്ദാനം നല്‍കി വിസ കൊടുത്തതെന്നു പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഒമാനിലെത്തിയ യുവതിക്കു പക്ഷേ, വീട്ടുജോലിയാണു കൊടുത്തത്. തിരികെ നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 40,000 രൂപ വേണമെന്നു പറഞ്ഞു. ഈ തുക നല്‍കിയെങ്കിലും യുവതിയെ നാട്ടിലെത്തിക്കാതെ ഏജന്റ് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു.