ന്യൂദൽഹി- കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഐബ് കൊല്ലപ്പെട്ട കേസിൽ തൽക്കാലം സി.ബി.ഐ അന്വേഷണമില്ല. ഷുഐബിന്റെ പിതാവ് സി. മുഹമ്മദ് സമർപ്പിച്ച ഹരജി തീർപ്പാക്കിയ സുപ്രീം കോടതി നിലവിലെ പോലീസ് സംഘം അന്വേഷണം തുടരട്ടെയെന്നും നിർദേശിച്ചു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെയാണ് മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചത്. സ്റ്റേ നീക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
സി.ബി.ഐ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പോലീസ് അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രതികൾക്ക് ഭരണ കക്ഷിയായ സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാൽ പോലീസ് അന്വേഷണം നീതിപൂർവകമാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് മധ്യവേനൽ അവധിയിലാണെന്നും ഒന്നര മാസത്തെ ഇടവേളക്ക് ശേഷമേ ഇനി കേസ് പരിഗണിക്കൂ എന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് സുപ്രീം കോടതിയിലെത്തിയത്.