ന്യൂദൽഹി- 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽനിന്ന് വിട്ടയക്കാനുള്ള കാരണം സുപ്രീം കോടതിയിൽ ബോധിപ്പിച്ച് ഗുജറാത്ത് സർക്കാർ. പതിനാലു വർഷമായി ജയിലിൽ കഴിയുകയാണെന്നും ജയിലിൽ ഇവരുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി അനുസരിച്ചാണ് പ്രതികളെ വിട്ടയച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങി മൂന്നു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതായിരുന്നു.
ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെടുകയോ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയോ ചെയ്തവരെ മറ്റു ആനുകൂല്യങ്ങൾ നൽകി ജയിലിൽനിന്ന് മോചിപ്പിക്കരുതെന്നാണ് വ്യവസ്ഥ.