മുസാഫര്‍പൂര്‍- പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ അസഭ്യവര്‍ഷം നടത്തിയതായി ആരോപണം. വടക്കന്‍ ബീഹാറിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.
'എംഡിഡിഎം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഹന്ത് ദര്‍ശന്‍ ദാസ് മഹിളാ കോളേജിലാണ് സംഭവം. നഗരത്തിലെ മിതന്‍പുര പ്രദേശത്തുള്ള ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ക്കായി എത്തിയിരുന്നു. ൗ പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫൈനല്‍ പരീക്ഷ എഴുതാന്‍ അര്‍ഹത.
അധ്യാപകന്‍ ദേശവിരുദ്ധയെന്ന് വിളിച്ചെന്നും പാകിസ്ഥാനിലേക്ക് പോകണമെന്ന പരാമര്‍ശത്തിലൂടെ പരിഹസിച്ചെന്നും വിദ്യാര്‍ഥിനി വകാശപ്പെട്ടു.
അതേസമയം, ഹിജാബ് ധരിക്കുന്നതില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കനു പ്രിയ പറഞ്ഞു. ബ്ലൂടൂത്ത് ഉപകരണം ഉണ്ടാകുമോ എന്ന സംശയത്താല്‍ ചെവി വെളിപ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
പരിശോധനകള്‍ ആരംഭിച്ചപ്പോഴാണ് തര്‍ക്കമുണ്ടായതെന്ന് പ്രാദേശിക മിതന്‍പുര പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീകാന്ത് സിന്‍ഹ പറഞ്ഞു.
പരീക്ഷകള്‍ സമാധാനപരമായി നടത്തിയതായും നിലവില്‍, കേസെടുക്കുന്നതിന്റെയോ അധിക സേനയെ പ്രദേശത്ത് വിന്യസിക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും എസ്എച്ച്ഒ പറഞ്ഞു.
ഹിജാബ് ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പല വിദ്യാര്‍ത്ഥികളും മൊബൈല്‍ ഫോണുകള്‍ കൈവശം വച്ചിരുന്നു. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പരീക്ഷാ ഹാളിന് പുറത്ത് ഹാന്‍ഡ്‌സെറ്റുകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഈ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ഇന്‍വിജിലേറ്റര്‍മാരില്‍ ഒരാളായ അധ്യാപകന്‍ ബ്ലൂടൂത്ത് ഉപകരണമുണ്ടോ എന്ന് പരിശോധിക്കുന്നതിന് പെണ്‍കുട്ടിയോട് ചെവി വെളിപ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, പരീക്ഷാ കണ്‍ട്രോളറെയോ എന്നെയോ അറിയിക്കാമായിരുന്നു. എന്നാല്‍ അവള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും ലോക്കല്‍ പോലീസ് എത്തിയപ്പോള്‍ ബഹളമുണ്ടാക്കിയെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.
പെണ്‍കുട്ടിയുടെ ഹാജര്‍നില വളരെ കുറവാണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും കോളേജ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു.
75 ശതമാനത്തില്‍ താഴെ ഹാജര്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയെയും ഫൈനല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്റെ കാര്യത്തില്‍ മൃദുസമീപനം പുലര്‍ത്താന്‍ നിര്‍ബന്ധിക്കുമെന്ന ധാരണയിലായിരിക്കാം പെണ്‍കുട്ടി പ്രവര്‍ത്തിച്ചത്- ഡാ.കനു പ്രിയ പറഞ്ഞു.