Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ കമ്പനിയുടെ നാലുതരം മരുന്നുകള്‍ക്ക് അബുദാബിയില്‍ വിലക്ക്

അബുദാബി- ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ മരുന്നുകള്‍ക്ക് അബുദാബി വിലക്കേര്‍പ്പെടുത്തി. കമ്പനിയുടെ നാലുതരം മരുന്നുകള്‍ അബുദാബിയില്‍ എവിടെയും വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രൊമിതാസിന്‍ ഓറല്‍ സൊലൂഷന്‍ ബി.പി., കൊഫേക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി, മാഗ്രിപ് എന്‍ കോള്‍ഡ് എന്നീ നാല് മരുന്നുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഇവയില്‍ അപകടകരമായ അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മരുന്നുകള്‍ കൈയിലുള്ളവര്‍ അവ ഉപയോഗിക്കരുതെന്നും ഉപയോഗിച്ചവര്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചിരുന്നു.

 

Latest News