റിയാദ് - പുതിയ ദേശീയ ഏകീകൃത എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസനനിധിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിഫൈഡ് നാഷണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം (ജദാറാത്ത്) എന്ന് പേരിട്ട പുതിയ പ്ലാറ്റ്ഫോം താഖാത്ത്, ജദാറ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെയും തൊഴിലുടമകളുടെയും ഡാറ്റകള്‍ ലയിപ്പിച്ച് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ് പരീക്ഷണ ഘട്ടത്തില്‍ ചെയ്യുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ അറിയാനും അവക്ക് അപേക്ഷകള്‍ നല്‍കാനും പുതിയ പ്ലാറ്റ്ഫോം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. ഭാവിയില്‍ കൂടുതല്‍ സേവനങ്ങളും സവിശേഷതകളും ജദാറാത്ത് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തും.
വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇനി മുതല്‍ യുനൈറ്റഡ് നാഷണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം വഴിയാണ് ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്വീകരിക്കുക. ലഭ്യമായ തൊഴിലവസരങ്ങള്‍ പരിശോധിക്കലും അവക്ക് അപേക്ഷകള്‍ സമര്‍പ്പിക്കലും എളുപ്പമാക്കാനാണ് പുതിയ ദേശീയ ഏകീകൃത പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ തൊഴില്‍ വിപണിയായ സൗദിയില്‍ നേരത്തെ സ്വകാര്യ കമ്പനി പരസ്യങ്ങളും യൂനിവേഴ്സിറ്റി ബിരുദധാരികള്‍ക്കുള്ള ജദാറ പ്ലാറ്റ്ഫോം പോലുള്ള സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളും അടക്കം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് തൊഴിലുകള്‍ ലഭിച്ചിരുന്നത്.
മുഴുവന്‍ തൊഴിലവസരങ്ങളും പ്രദര്‍ശിപ്പിക്കുകയും അവക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന യുനൈറ്റഡ് നാഷണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മന്ത്രിസഭ തീരുമാനിച്ചിരുന്നു. വ്യക്തികള്‍, പൊതുമേഖല, സ്വകാര്യ മേഖല എന്നീ ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളുടെയും തൊഴില്‍ ആവശ്യകതകള്‍ സ്വീകരിക്കാനും പരിഹരിക്കാനുമുള്ള നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഉയര്‍ത്താനും പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നു.