Sorry, you need to enable JavaScript to visit this website.

റോജയുടെ വാഹനം ആക്രമിച്ച് പവന്‍ കല്യാണിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍

വിശാഖപട്ടണം-നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജയുടെ വാഹനം നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. റോജ ഉള്‍പ്പെടെയുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പവന്‍ കല്യാണിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റിന് പിന്നാലെ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നടന്‍ പവന്‍ കല്യാണ്‍ പറഞ്ഞു.

പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനവാണി എന്ന പരിപാടിക്കിടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പരിപാടി തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.  സര്‍ക്കാരിന്റെ 'മൂന്ന് തലസ്ഥാന' പദ്ധതിയെ പിന്തുണച്ചുള്ള റാലിയില്‍ പങ്കെടുക്കാന്‍ വിശാഖപട്ടണത്ത് എത്തിയതായിരുന്നു വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണായ റോജ. ജനവാണിയില്‍ പങ്കെടുക്കാന്‍ എത്തിയ പവന്‍ കല്യാണിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. നേരത്തെ കല്യാണിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

 

Latest News