ന്യൂദല്‍ഹി- ദല്‍ഹിയിലെ മദ്യ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ തിങ്കളാഴ്ച ചോദ്യം ചെയ്യും.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവിനോട് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ വീട്ടില്‍ 14 മണിക്കൂര്‍ സിബിഐ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ബാങ്ക് ലോക്കറില്‍നിന്നും ഒന്നും കിട്ടിയില്ല. ഇപ്പോള്‍ അവര്‍ നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചിരിക്കയാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
ഞാന്‍ പോയി പൂര്‍ണമായും സഹകരിക്കും.സത്യമേവ ജയതേ- അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് ഇന്‍ഡോ സ്പിരിറ്റ്‌സ് ഉടമ സമീര്‍ മഹേന്ദ്രു, ഗുരുഗ്രാമിലെ ബഡ്ഡി റീട്ടെയില്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അമിത് അറോറ, ഇന്ത്യ എഹെഡ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ മൂത്ത ഗൗതം എന്നിവരുള്‍പ്പെടെ നിരവധി പേരെ സി.ബി.ഐ ഇതിനകം ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
എഎപി പ്രവര്‍ത്തകനും വിനോദ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒയുമായ വിജയ് നായര്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിന്‍പള്ളി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സിസോദിയക്കും മറ്റ് 14 പേര്‍ക്കുമെതിരെ ഓഗസ്റ്റില്‍ സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ ദല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടന്നുവെന്നാരോപിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.