Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ 192 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ

കിഫ്ബി  സഹായത്തോടെ മാനന്തവാടിയിൽ നിർമിച്ച കുടിവെള്ള  പദ്ധതിയുടെ പമ്പ് ഹൗസ്

കൽപറ്റ- കിഫ്ബി (കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) വയനാട്ടിൽ  192.06 കോടി രൂപയുടെ  പുതിയ പദ്ധതികൾക്ക്് അംഗീകാരം നൽകി. കഴിഞ്ഞ മാസം ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി  എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, കായിക യുവജനക്ഷേമം എന്നീ  വകുപ്പുകളുടെ വിവിധ പദ്ധതികൾക്ക് അംഗീകാരമായത്.  ജി.എച്ച്.എസ്.എസ് കാക്കവയൽ, ജി.എച്ച്.എസ്.എസ് വടുവൻചാൽ, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.എച്ച്.എസ്.എസ് പനമരം എന്നിവിടങ്ങളിൽ മൂന്നു കോടി രൂപ വീതം അടങ്കൽ വരുന്ന പ്രവൃത്തികൾ അംഗീകരിച്ചു.  കിറ്റ്‌കോയാണ്  ഈ പ്രവൃത്തികളുടെ നിർവഹണ ഏജൻസി. ബി.എം ആന്റ്  ബി.ടി പ്രകാരം മാനന്തവാടി പക്രംതളം റോഡ് നവീകരണത്തിന് 16 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരമായി.   അഞ്ചു കിലോമീറ്റർ ദൂരമാണ് ഈ തുക ഉപയോഗിച്ച് നന്നാക്കുക. കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. ബീനാച്ചി പനമരം റോഡ് 54.40 കോടി  രൂപ ചെലവിൽ നവീകരിക്കും. 22.200 കിലോമീറ്റർ ദൂരമാണിതിന്. മലയോര ഹൈവേ പ്രൊജക്ടിന്റെ കീഴിൽ മാനന്തവാടി-കൽപറ്റ റോഡിൽ തകർന്നുകിടക്കുന്ന 6.200 കിലോമീറ്റർ, കൽപറ്റ ബൈപാസ് 3.800 കിലോമീറ്റർ, കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡിൽ മൂന്നു കിലോമീറ്റർ ,  ചൂരൽമല-അരുണപ്പുഴ റോഡ് 4.500 കിലോമീറ്റർ എന്നിവ നന്നാക്കാൻ 57.78 കോടി രൂപയുടെ പ്രവൃത്തികൾക്ക്  അംഗീകാരം നൽകി. കായികയുവജനക്ഷേമ വകുപ്പ് കൽപറ്റയിൽ നിർമിക്കുന്ന ഓംകാരനാഥ് ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിന് 36.88 കോടി രൂപ നൽകും. കിറ്റ്‌കോയെയാണ് നിർവഹണ ഏജൻസി. 
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പിനു  കീഴിലുള്ള റോഡുകൾക്കായി 182.16 കോടി രൂപയാണ്  കിഫ്ബി അനുവദിച്ചത്. കൽപറ്റ-വാരാമ്പറ്റ റോഡിന് (17.725 കിലോമീറ്റർ) 56.66 കോടി രൂപയും മാനന്തവാടി-കൈതക്കൽ റോഡിന് (10.4115 കിലോമീറ്റർ) 45.55 കോടി രൂപയും അനുവദിച്ചു.  കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടി രൂപയും  മേപ്പാടി-ചൂരൽമല റോഡിന് 40.96 കോടി രൂപയും നിൽകി.  ഇതിന്റെ ടെണ്ടർ നടപടികൾ തുടങ്ങി. കേരളാ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ പരിധയിലേക്കും  എടവക പഞ്ചായത്ത് പരിധിയിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് 18 കോടി രൂപ  അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി ഫണ്ടില്ലെന്ന കാരണത്താൽ പാതിവഴിയിൽ നിലയ്ക്കുമെന്ന ഘട്ടത്തിൽ കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ശക്തിപകരാൻ 15 കോടി രൂപയാണ്  അനുവദിച്ചത്. ജി.വി.എച്ച്.എസ്.എസ് കൽപറ്റ, ജി.എച്ച്.എസ്.എസ് മീനങ്ങാടി, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുകോടി  രൂപ വീതമാണ് അനുവദിച്ചത്.  കിറ്റ്‌കോയാണ് നിർവഹണ ഏജൻസി.  ഈ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. 
സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലാപ്‌ടോപ്, പ്രൊജക്റ്ററുകൾ, പ്രൊജക്റ്റർ സ്‌ക്രീനുകൾ, സ്പീക്കറുകൾ, അനുബന്ധ ഉപകരണങ്ങൾ കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) വഴി നൽകി. കൽപറ്റ ജില്ലാ സ്റ്റേഡിയത്തിന് 18.67 കോടി രൂപ അനുവദിച്ചു. പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ തുടങ്ങി. മുണ്ടേരി മരവയലിൽ ജില്ലാ സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതിന് സ്‌പോർട്‌സ് കൗൺസിൽ മുൻകൈയെടുത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്.  ആദ്യഘട്ടത്തിൽ ഭൂമി നിരപ്പാക്കൽ, ഗാലറി, സിന്തറ്റിക് ട്രാക്ക്, ഡ്രെയ്‌നേജ്, ഫെൻസിംഗ്, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയ്ക്കായി 8,35,53,000 രൂപ വിനിയോഗിക്കും. പവലിയൻ, ഹോസ്റ്റൽ ബ്ലോക്ക് പൊതു വിശ്രമമുറി, പാർക്കിംഗ് ഏരിയയും അനുബന്ധ പ്രവൃത്തികളും, ചുറ്റുമതിൽ, ഗേറ്റ്, അഗ്‌നിരക്ഷാ സംവിധാനം, മഴവെള്ളസംഭരണം, സോളാർ സംവിധാനം എന്നിവ രണ്ടാംഘട്ടത്തിൽ ജില്ലാ സ്റ്റേഡിയത്തിലൊരുക്കും. 10,37,12,000 രൂപയാണ് ഇതിനു വകയിരുത്തിയത്. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് 1.57 കോടി രൂപ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ നിർമിതികേന്ദ്രം വഴിയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഉപകരണങ്ങൾ ഉടൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന ലഭ്യമാക്കും.  

Latest News