ക്വാലാലംപുര്‍- മലേഷ്യയില്‍ വ്യാജ വര്‍ത്തെക്കതിരെയ നിയമം ലംഘിച്ച കേസില്‍ ആദ്യ ശിക്ഷ ഡെന്മാര്‍ക്ക് പൗരന്. വിവാദ നിയമപ്രകാരമുള്ള ആദ്യ ശിക്ഷ ഒരാഴ്ച ജയിലാണ്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ആറും വര്‍ഷം വരെ തടവ് ശിക്ഷയും കനത്ത പിഴയും വിധിക്കാവുന്ന നിയമം ഏപ്രില്‍ ആദ്യത്തിലാണ് പാസാക്കിയത്. എതിര്‍ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് രാജ്യത്തെ പൗരാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
യെമന്‍ വംശജനും ഡാനിഷ് പൗരനുമായ സലാഹ് സാലിം സുലൈമാന്‍ എന്ന 46 കാരനാമ് ശിക്ഷ. കുലാലംപൂരില്‍ ഹമാസ് അംഗം ഈയിടെ വെടിയേറ്റു മരിച്ചപ്പോള്‍ ആംബുലന്‍സ് സാവകാശമാണ് എത്തിയതെന്ന് താന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതായി സലാഹ് സമ്മതിച്ചു.
റോക്കറ്റ് നിര്‍മാണത്തില്‍ വിദഗ്ധനായ ഫാദി അല്‍ബാസിതാണ് ഏപ്രില്‍ 21-ന് രാവിലെ പള്ളിയിലേക്ക് പോകുമ്പള്‍ മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയറ്റ് മരിച്ചത്. ഇസ്രായില്‍ ചാര സംഘടനയായ മൊസാദാണ് കൊലക്കു പിന്നിലെന്ന് ഫാദിയുടെ കുടുംബം ആരോപിച്ചെങ്കിലും ഇസ്രായിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം അറിവായിട്ടില്ല.
അഭിഭാഷകനെ ഏര്‍പ്പെടുത്താതെ സ്വയം കേസ് വാദിച്ച ഡാനിഷ് പൗരന്‍ തിനിക്ക് മലേഷ്യന്‍ നിയമത്തെ കുറിച്ച് അറിയില്ലെന്നാണ് കോടതിയില്‍ വാദിച്ചത്.
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. വെടിവെപ്പുണ്ടായ സ്ഥലത്ത് പോലീസും ആംബുലന്‍സ് എത്താന്‍ സയമമെടുത്തുവെന്നാണ് അറബിയിലുള്ള വിഡിയോയില്‍ പരാതിപ്പെടുന്നത്.
പ്രതിയുടെ വാദങ്ങള്‍ തള്ളിയ ജഡ്ജി സമാന്‍ മുഹമ്മദ് ഒരാഴ്ച ജയില്‍ ശിക്ഷക്കുപുറമെ, 10,000 റിംഗിറ്റ് (2500 ഡോളര്‍) പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പഴിയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി ജയില്‍ ശിക്ഷയനുഭവിക്കണം. ഏപ്രില്‍ 23 മുതല്‍ ജയിലിലുള്ള ഡാനിഷ് പൗരന്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി മലേഷ്യയിലെത്തിയ സലാഹിന്റെ പക്കല്‍ പിഴയടക്കാനാവശ്യമായ തുകയില്ല. മൂന്ന് ഭാര്യമാരും ആറു മക്കളുമുണ്ടെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
മേയ് ഒമ്പതിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമര്‍ശനം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യാജവാര്‍ത്താ നിരോധ നിയമത്തിനെതിരെ വ്യാപക വിമര്‍ശം നലനില്‍ക്കുന്നുണ്ട്.
ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമമാണിതെന്ന് ചൂണ്ടിക്കാട്ടി മലേഷ്യയിലെ പ്രശസ്ത വര്‍ത്താ പോര്‍ട്ടലായ മലേഷ്യാകിനി ക്വാലാലംപുര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്തിട്ടും അതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ മുന്നോട്ടു പോയത് ശരിയായില്ലെന്ന് മലേഷ്യന്‍ നിയമപരിഷ്‌കരണ വേദിയായ ലോയേഴ്‌സ് ഫോര്‍ ലിബര്‍ട്ടി കുറ്റപ്പെടുത്തി. ഒരാള്‍ക്കെതിരെ ക്രിമനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നത് ഗൗരവത്തില്‍ കാണേണ്ടതാണെന്ന് ഗ്രൂപ്പിന്റെ ഉപദേശകന്‍ എന്‍. സുരേന്ദ്രന്‍ പ്രസ്താവയില്‍ പറഞ്ഞു. കോടതി തീര്‍പ്പ് വരെ നിയമം നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.