Sorry, you need to enable JavaScript to visit this website.

പുട്ടിന്റെ മരണത്തിനായി ലോകം  പ്രാര്‍ത്ഥിക്കു ന്നുവെന്ന് എഴുതിയ സ്ത്രീ അറസ്റ്റില്‍ 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്-റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്റെ മാതാപിതാക്കളുടെ കല്ലറയില്‍ അപകീര്‍ത്തികരമായ സന്ദേശം എഴുതി വെച്ചതിന്  60കാരി അറസ്റ്റില്‍. പുട്ടിനെ 'നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകൂ'  എന്ന വാചകം എഴുതിയ കുറിപ്പ് ഐറിന സ്ബനേവ എന്ന സ്ത്രീ പുട്ടിന്റെ അച്ഛന്റെയും അമ്മയുടെയും കല്ലറയ്ക്ക് മുകളില്‍ സ്ഥാപിക്കുകയായിരുന്നു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള പ്രതിഷേധമായിട്ടാണ് ു ഐറിന കുറിപ്പ് സ്ഥാപിച്ചത്. പുട്ടിന്റെ ജന്മദിനത്തിന്റെ തലേദിവസമായ ഒക്ടോബര്‍ 6നായിരുന്നു ഇത്. ഒക്ടോബര്‍ 7ന് പുട്ടിന് 70 വയസായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐറിനയെ അറസ്റ്റ് ചെയ്തത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സെറാഫിമോവ്‌സ്‌കോ സെമിത്തേരിയിലേക്ക് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഐറിന കടന്നത്. കുറിപ്പില്‍ പുട്ടിനെ ' വിചിത്ര കൊലയാളി'യെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ പുട്ടിന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും ഇവര്‍ കുറിപ്പില്‍ എഴുതിയിരുന്നു.
'ഒരു സീരിയല്‍ കില്ലറുടെ മാതാപിതാക്കളെ, അയാളെയും നിങ്ങളോടൊപ്പം കൊണ്ടുപോകൂ. അയാളില്‍ നിന്ന് ഒരുപാട് വേദനകളും ദുരിതങ്ങളും ഞങ്ങള്‍ക്കുണ്ട്. ലോകം മുഴുവനും അയാളുടെ മരണത്തിനായി പ്രാര്‍ത്ഥിക്കുന്നു. പുട്ടിന്റെ മരണം...നിങ്ങള്‍ വിചിത്ര സ്വഭാവുമുള്ളതും കൊലയാളിയുമായ ഒരാളെയാണ് വളര്‍ത്തിയത്. ' ഐറിനയുടെ കുറിപ്പില്‍ പറയുന്നതായാണ്  റിപ്പോര്‍ട്ട്. 
സെമിത്തേരിയിലെ സുരക്ഷാ ജീവനക്കാര്‍ കല്ലറയില്‍ കുറിപ്പ് കണ്ടെത്തുകയും ഉടന്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. സുരക്ഷാ കാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഐറിനയെ കണ്ടെത്തിയത്. ഐറിനയെ പൊലീസ് പിടികൂടുകയും കസ്റ്റഡിയിലാക്കുകയുമായിരുന്നു. 
താന്‍ ഉടന്‍ തന്നെ കുറ്റസമ്മതം നടത്തിയെന്നും കുറിപ്പ് എഴുതിയത് താനാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധനയും കൈയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനയും നടത്തിയെന്നും ഐറിന പറഞ്ഞു. രാഷ്ട്രീയമോ, വ്യക്തിപരമോ ആയ വിരോധത്തിന്റെ പേരില്‍ ഒരു ശ്മശാന സ്ഥലം അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഐറിനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പരമാവധി അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
1911ലാണ് പുട്ടിന്റെ മാതാപിതാക്കളായ വഌദിമിര്‍  സ്പിറിഡൊനോവിച് പുട്ടിനും മരിയ ഐവനോവ്‌ന പുട്ടിനയും ജനിച്ചത്. സ്പിറിഡൊനോവിച് പുട്ടിന്‍ 1999ലും മരിയ 1998ലുമാണ് മരിച്ചത്. പുട്ടിന്‍ പ്രസിഡന്റാകുന്നതിന് മുന്നേയായിരുന്നു ഇത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ഐറിനയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ടി.വിയില്‍ ഉക്രൈന്‍ അധിനിവേശത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് തനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയതെന്ന് ഐറിന കോടതിയില്‍ പറഞ്ഞു. 'എല്ലാം ഭയപ്പെടുത്തുന്നതും അതീവ ദുഃഖകരവുമാണെന്ന് താന്‍ തിരിച്ചറിഞ്ഞു. ഒരുപാട് പേര്‍ കൊല്ലപ്പെടുന്നു- അവര്‍  പറഞ്ഞു.അക്കൗണ്ടന്റ് ആയ ഐറിനയ്ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, നവംബര്‍ 8 വരെ ഐറിന വീട്ടുതടങ്കലില്‍ തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇ  മെയില്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവാദമില്ല. 


 

Latest News