Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും   40 ലക്ഷം രൂപയുടെ വാട്ടര്‍  ബില്‍ 

തിരുവനന്തപുരം- വാട്ടര്‍ അതോറിറ്റിയുടെ ആയിരം രൂപയുടെ ബില്‍ പോലും അടക്കാന്‍ വൈകിയാല്‍ ടെന്‍ഷന്‍ അടിക്കുന്നവരാണ് നമ്മള്‍ സാധാരണക്കാര്‍. നിശ്ചിത തിയതി എങ്ങാനും കഴിഞ്ഞു പോയാല്‍ പിന്നെ അക്ഷയ കേന്ദ്രത്തില്‍ ചെന്ന് ബില്ലടക്കാന്‍ പറ്റില്ല. പിഴയടക്കം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നേരിട്ട് ചെന്ന് പണമടക്കണമെന്നതാണ് രീതി. എന്നാല്‍ കേരളത്തില്‍ മന്ത്രമാരുടെ ഔദ്യോഗിക വസതികളില്‍ ലക്ഷങ്ങളാണ് വാട്ടര്‍ അതോറിറ്റിയ്ക്ക് നല്‍കാനുള്ളത്. 
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി ആന്റണി രാജുവിന്റെ വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലുമായി 40 ലക്ഷം രൂപയാണ് ശുദ്ധജല ബില്‍ കുടിശിക. ഇതിലും കൂടുതലാണ് ആകെ കുടിശിക. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഇളവിലൂടെ ജല അതോറിറ്റി തുക കുറച്ചു നല്‍കിയതോടെയാണ് 40 ലക്ഷമായി കുറഞ്ഞത്.പണം അടക്കാത്തതിനെ തുടര്‍ന്ന്, മന്ത്രി മന്ദിരങ്ങളുടെ നടത്തിപ്പു ചുമതലയുള്ള ടൂറിസം വകുപ്പിന് ജല അതോറിറ്റി നോട്ടീസ് നല്‍കിയപ്പോഴാണ് ഇളവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കുടിശികയാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
1878.20 കോടി രൂപയാണ് അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ളത്. ഇതില്‍ 216.25 കോടി രൂപ മാത്രമാണ് പൊതുജനങ്ങള്‍ കുടിശിക വരുത്തിയത്. ബാക്കി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കാനുള്ളതാണ്.
161 കോടി രൂപ കുടിശിക വരുത്തിയ ആരോഗ്യ വകുപ്പാണ് പണമടയ്ക്കാത്ത വകുപ്പുകളുടെ പട്ടികയില്‍ ഒന്നാമത്. മൂന്നരക്കോടി നല്‍കാനുള്ള കെഎസ്ഇബിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 964 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വരുത്തിയ കുടിശിക.
പോലീസ്  വകുപ്പും മോശമാക്കിയില്ല. 13.81 കോടി രൂപയാണ്  കുടിശിക വരുത്തിയത്.  എല്ലാ വകുപ്പു മേധാവികള്‍ക്കും ജല അതോറിറ്റി പണം ആവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടേയും ഗതാഗത മന്ത്രിയുടേയും വസതികളിലെ കുടിശിക അടച്ചു തീര്‍ക്കാന്‍ ധന വകുപ്പ് 39.86 ലക്ഷം രൂപ  അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

Latest News