Sorry, you need to enable JavaScript to visit this website.

VIDEO ജര്‍മനിയിലെ ഏറ്റവും വലിയ പള്ളിയില്‍ ആദ്യമായി ഉച്ചഭാഷിണിയില്‍ ബാങ്ക് വിളി ഉയര്‍ന്നു

ബെര്‍ലിന്‍- നീണ്ട കാത്തിരിപ്പിന് ശേഷം ആദ്യമായി ജര്‍മനിയില്‍ കൊളോണിലെ സെന്‍ട്രല്‍ മസ്ജിദില്‍ കഴിഞ്ഞ ദിവസം ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചു.
നഗര അധികൃതരും മുസ്ലിം സമൂഹവും തമ്മില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കരാറില്‍ എത്തിയതിനെ തുടര്‍ന്നാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ പള്ളിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാന്‍ അനുവദിച്ചത്.
രണ്ട് വര്‍ഷത്തെ പൈലറ്റ് പ്രോജക്ടിന് കീഴിലാണ് കൊളോണിലെ 35 ഓളം പള്ളികള്‍ക്ക് വെള്ളിയാഴ്ചകളില്‍ അഞ്ച് മിനിറ്റ് വരെ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാന്‍ അനുവദിക്കുക.
അയല്‍വാസികളെ ശല്യപ്പെടുത്തരുത്, 100 മീറ്റര്‍ അകലത്തില്‍ 60 ഡെസിബെല്‍ ശബ്ദത്തില്‍ കവിയരുത് എന്നീ വ്യവസ്ഥകള്‍ പാലിക്കണം.  കൊളോണ്‍ മേയറായിരുന്ന ഹെന്റിയെറ്റ് റീക്കര്‍ ആണ് പദ്ധതിക്ക് തുടക്കമിട്ടത്.  ബാങ്ക് വിളിക്കാന്‍ അനുവദിക്കുന്നത് തന്നെ  സംബന്ധിച്ചിടത്തോളം ബഹുമാനത്തിന്റെ അടയാളമാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കമ്മ്യൂണിറ്റിയുടെയും ടര്‍ക്കിഷ് ഇസ്‌ലാമിക് യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെ 2018ലാണ് കൊളോണ്‍ സെന്‍ട്രല്‍ മസ്ജിദ് തുറന്നത്. തുര്‍ക്കിയുമായും റജബ് തയ്യിബ് ഉര്‍ദുഗാനുമായും നേരിട്ടുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഏകദേശം ഒരു ലക്ഷം മുസ്ലിംകള്‍ കൊളോണില്‍ താമസിക്കുന്നുണ്ട്.
പള്ളിയില്‍നിന്ന് ഒരു കി.മീ അകലെ താമസിക്കുന്ന ക്രൈസ്തവ ദമ്പതിമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് 2018 ലാണ് ജര്‍മന്‍ കോടതി വെള്ളിയാഴ്ചകളില്‍ ഉച്ചഭാഷിണികളില്‍ ബാങ്കു വിളിക്കുന്നത് തടഞ്ഞത്.
ബാങ്കു വിളി തങ്ങളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നായിരുന്നു ദമ്പതിമാരുടെ പരാതി. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തില്‍ ബാങ്ക് വിളിക്കാന്‍ 2020 ല്‍ തലസ്ഥാനമായ ബെര്‍ലിനില്‍ അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് നിരോധിച്ചു.

 

Latest News