സൗദി അറേബ്യ പുരോഗതിയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരി ലോകത്തിലെ ആധുനിക നഗരങ്ങളുടെ ഭാവം കൈവരിക്കാനുള്ള തീവ്ര ശ്രമത്തിലും. പൊതു ഗതാഗത സംവിധാനത്തിന്റെ കാര്യത്തിലെ മാറ്റം ശ്രദ്ധേയമാണ്. ഏറ്റവും നവീനമായ മെട്രോ റെയിൽ പാതകൾ വിശാലമായ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സുദിനത്തിനായി ഏറെയൊന്നും കാത്തിരിക്കേണ്ടതില്ല. പ്രവാസികളും സ്വദേശികളും റിയാദ് മെട്രോയുടെ ഓരോ ചുവടുവെപ്പും ആവേശം പകരുകയാണ് ഏവർക്കും.
അടുത്തിടെ റിയാദ് മെട്രോ പദ്ധതിയിലെ നാലാം പാതയിൽ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഏതാനും എൻജിനീയർമാരുടെ സാന്നിധ്യത്തിൽ പർപ്പിൾ നിറമുള്ള മെട്രോ ട്രെയിൻ ഓടുന്ന വീഡിയോ റിയാദ് വികസന സമിതിയാണ് പുറത്തു വിട്ടത്. നാലു പ്രധാന സ്റ്റേഷനുകളിലെ ഇലക്ട്രിക് ജോലികളും പാതയിലെ ഇലക്ട്രിക് ലൈനുകളുടെ ജോലിയും സൗദി ഇലക്ട്രിക് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിവരികയാണ്. പദ്ധതിയുടെ മൂന്നിലൊന്ന് നിർമാണം ഇതിനകം പൂർത്തിയായി.
85 റെയിൽവേ സ്റ്റേഷനുകളും ആറു പാതകളിലായി 176 കി.മീ നീളമുള്ള റെയിൽവേ ലൈനും ഉൾക്കൊള്ളുന്ന റിയാദ് മെട്രോ നെറ്റ്‌വർക് കിംഗ് അബ്ദുൽ അസീസ് പദ്ധതിയുടെ നട്ടെല്ലായാണ് വിശേഷിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ പൊതുസ്ഥലങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ - ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന പാത കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുല്ല സാമ്പത്തിക നഗരം എന്നിവയെയും ബന്ധിപ്പിക്കുന്നു. അത്യാധുനിക സംവിധാനങ്ങളും മികച്ച യാത്രാസൗകര്യവും ഒരുമിച്ചു ചേരുന്ന ആകർഷകമായ ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുക. ജർമൻ കമ്പനിയായ സീമെൻസ്, കനേഡിയൻ കമ്പനിയായ ബൊംബാർഡിയർ, ഫ്രാൻസ് കമ്പനിയായ ആൽസ്റ്റം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ നിർമിക്കുന്നത്. മെട്രോയിലെ 42 ശതമാനം ഭൂഗർഭ പാതയായും 47 ശതമാനം പാലങ്ങളായും 11 ശതമാനം ഉപരിതല പാതയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. കിംഗ് അബ്ദുല്ല സാമ്പത്തിക കേന്ദ്രം സ്റ്റേഷൻ, ഒലയ്യ സ്റ്റേഷൻ, ഖസർ അൽഹുകും സ്റ്റേഷൻ, പശ്ചിമ സ്റ്റേഷൻ എന്നിവയാണ് റിയാദ് മെട്രോയിലെ പ്രധാനപ്പെട്ട നാലു സ്റ്റേഷനുകൾ. ഇന്ത്യൻ കമ്പനിയായ എൽ ആന്റ് ടി അടക്കമുള്ള നിരവധി കമ്പനികൾ റിയാദ് മെട്രോയുടെ നിർമാണ പ്രവൃത്തികളിൽ സഹകരിക്കുന്നു്. 45,000 ൽ അധികം തൊഴിലാളികളാണ് റിയാദ് മെട്രോ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്.
റിയാദ് മെട്രോയിൽ സർവീസ് നടത്താനുള്ള ട്രെയിനുകളിൽ 14 എണ്ണം റിയാദിലെത്തി. 79 ട്രെയിനുകൾ വിദേശ രാജ്യങ്ങളിലെ ഫാക്ടറികളിൽ നിർമ്മാണ ഘട്ടത്തിലാണെന്നും നിർമാണം പൂർത്തിയായ 86 ട്രെയിനുകൾ വൈകാതെ റിയാദിലെത്തുമെന്നും റിയാദ് നഗര വികസന ഉന്നത സമിതി അറിയിച്ചു. മൊത്തം 179 ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്താനിരിക്കുന്നത്. ജർമനിയിലെ സീമെൻസ്, കാനഡയിലെ ബൊംബാർഡിയർ, ഫ്രാൻസിലെ ആൽസ്റ്റം എന്നീ കമ്പനികളാണ് ട്രെയിൻ നിർമ്മാണത്തിന്റെ കരാറേറ്റെടുത്തിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി മാറുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോയുടെ ആദ്യഘട്ടം ഈ വർഷാവസാനത്തോടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. ആറു പാതകളിലായി 176 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനും 85 റെയിൽവേ സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന റിയാദ് മെട്രോ ശൃംഖല 10 ലക്ഷം യാത്രക്കാർക്ക് പ്രയാജനപ്പെടും.യാത്രക്കാർക്ക് വൈഫൈ ഇന്റർനെറ്റ് സൗകര്യം, സ്ഥലങ്ങളറിയുന്നതിന് അറബിയിലും ഇംഗ്ലീഷിലുമുള്ള ഡിസ്‌പ്ലേ ബോർഡുകൾ തുടങ്ങിയവ ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്.ഡ്രൈവറില്ലാതെ സർവീസ് നടത്തുന്ന ഉന്നത സാങ്കേതിക സംവിധാനമാണ് ട്രെയിനുകളുടെ മറ്റൊരു സവിശേഷത.