പോർട്ബ്ലെയർ- ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്ന 21 കാരിയുടെ പരാതിയിലാണ് ആന്‍ഡമാന്‍ പൊലീസ് കേസെടുത്തത്. മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ ദല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയുമായ ജിതേന്ദ്ര നരെയ്ന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ ആര്‍ എല്‍ ഋഷി എന്നിവര്‍ക്കെതിരെയാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്.
പോര്‍ട്ട് ബ്ലെയര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഏപ്രിലില്‍ തന്നെ രണ്ട് തവണ പീഡിപ്പിച്ചുവെന്നും പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. പരാതിക്കാരിയുടെ വിശദാംശങ്ങള്‍ പരസ്യമാക്കിയ സംഭവത്തില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനുമെതിരെ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.