ചെന്നൈ-ബി.ജെ.പി ഭാരവാഹി വായ്പാ തിരിച്ചടവ് മുടക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ ലോണ്‍ ആപ്ലിക്കേഷന്‍ കമ്പനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.
തമിഴ്‌നാട് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പാ ആപ്പുമായി ബന്ധപ്പെട്ടവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയയാളുടെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
ചെന്നൈ ബിജെപിയുടെ മുന്‍ ജില്ലാ ഭാരവാഹിയായ ഗോപി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ലോണ്‍ ആപ്പ് വഴി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ആരംഭിച്ചു. എന്നാല്‍ ഗോപി ഇത് കാര്യമാക്കിയില്ല. ഇതോടെയാണ് ആപ്പ് സംഘം ഫോണ്‍ ഹാക്ക് ചെയ്തത്. തമിഴിസൈ ഉള്‍പ്പെടെ ഗാലറിയിലെ എല്ലാ സ്ത്രീകളുടെയും ചിത്രങ്ങള്‍ ചോര്‍ത്തി. തുടര്‍ന്ന് ഗോപിയുടെ ഫോണിലെ എല്ലാ നമ്പറുകളിലേക്കും ചിത്രം അയച്ചുകൊടുത്തു.
റോയല്‍ ക്യാഷ് ആപ്പ് എന്ന ലോണ്‍ ആപ്ലിക്കേഷനില്‍ നിന്നാണ് ഗോപി വായ്പയെടുത്തത്. വായ്പയെടുത്ത ഫോണാണ് സംഘം ഹാക്ക് ചെയ്തത്. ഗോപിയും തമിഴിസൈയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സംഘം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞയുടന്‍ ഗോപി വിരുഗമ്പാക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍പോലീസ് അന്വേഷണം ആരംഭിച്ചത്.