ന്യൂദല്‍ഹി- സ്വര്‍ണക്കടത്തു കേസില്‍ സൂപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ രാഷ്ട്രീയ വിമര്‍ശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് സത്യവാങ്മൂലം.
അന്വേഷണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദവും ഗൂഢലക്ഷ്യവുമുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോള്‍ മജിസ്‌ട്രേട്ടിനു മാധ്യമങ്ങള്‍ക്കും മുന്നില്‍ പറയുന്നതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.