Sorry, you need to enable JavaScript to visit this website.

വരാണസിയിൽ മോഡിയുടെ സ്വപ്‌നപദ്ധതിക്കു വേണ്ടി ക്ഷേത്ര വീടുകൾ തകർക്കുന്നു; ജനങ്ങൾ പ്രതിഷേധത്തിൽ

വരാണസി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിയിൽ നടപ്പിലാക്കുന്ന സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ് ഇടനാഴിക്കും ഗംഗാ നടപ്പാതയ്ക്കും വേണ്ടി നിരവധി വീടുകളും കെട്ടിടങ്ങളും ഒഴിപ്പിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം. ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന കാശിയിലെ മോഡിയുടെ ഈ സ്വപ്‌ന പദ്ധതിക്കു വേണ്ടി കണ്ടെത്തിയ സ്ഥലത്തെ വീടുകൾ ഒഴിയാൻ തയാറാകാത്തവരെ അധികൃതർ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും സ്വദേശികൾ ആരോപിക്കുന്നു. ബഹളങ്ങളൊന്നുമില്ലാതെയാണ് പദ്ധതിക്കു വേണ്ടിയുള്ള സ്ഥമേറ്റെടുക്കൽ നടക്കുന്നത്. ഈ ക്ഷേത്ര നഗരിയുടെ മുഖമുദ്രയായ ഇടുങ്ങിയ വഴികൾ ഇവിടുത്തെ തിങ്ങിനിറഞ്ഞു നിൽക്കുന്ന വീടുകളും കെട്ടിടങ്ങളും ഒഴിപ്പിച്ച് 40 മീറ്റർ ആക്കി വീതികൂട്ടും.

എന്നാൽ ഈ നഗരത്തിന്റെ പ്രധാന ആകർഷങ്ങളായ പഴകിയ കെട്ടിടങ്ങളും വീടുകളും പൂർണമായും തകർക്കാതെ ഈ പദ്ധതി നടപ്പിലാക്കുക സാധ്യമല്ല. ക്ഷേത്രത്തിലേക്ക് നയിക്കുന്ന ഈ ഇടുങ്ങിയ ഗലികളിലെ വീടുകളിലെല്ലാം കൊച്ചു ക്ഷേത്രങ്ങളും ഉണ്ടാകും. ക്ഷേത്ര വീടുകളെന്നാണ് ഇവ അറിയപ്പെടുന്നത്. ഇങ്ങനെ നിരവധി ക്ഷേത്ര വീടുകളാണ് അധികൃതർ പൊളിക്കാനൊരുങ്ങുന്നത്. പ്രദേശവാസികൾ ഈ വീടുകൾ ഒഴിയാനോ വിട്ടുനൽകാനോ തയാറല്ല. 

പ്രദേശവാസികളുടെ പ്രതിഷേധം കാരണം രഹസ്യമായാണ് അധികൃതരുടെ നീക്കങ്ങൾ. സർക്കാർ നേരിട്ട് ഇടപെട്ട് ഏറ്റെടുക്കുന്നതിനു പകരം കാശി വിശ്വനാഥ് മേഖലയിലെ നിരവധി വീടുകൾ രഹസ്യമായി അധികൃതർ വാങ്ങിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇങ്ങനെ വിൽക്കാൻ തയാറാകാത്തവരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ആരോപിക്കുന്നു.

നിരവധി ക്ഷേത്ര വീടുകൾ ഒഴിപ്പിച്ച് പൊളിക്കേണ്ടി വരുന്നതിനാൽ ഈ പദ്ധതി അതീവ രഹസ്യമായാണ് മുന്നോട്ടു പോകുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ആർക്കും വ്യക്തതയുമില്ല. ചർച്ചകൾ ഒരു ഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിക്കഴിഞ്ഞു. പല കെട്ടിടങ്ങളും അധികൃതർ ഏറ്റെടുത്തു. ഇവിടെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഏതു നിമിഷവും ഭീഷണിയുമായി ഉദ്യോഗസ്ഥർ എത്തിയേക്കുമെന്നതാണ് അവസ്ഥ. വീടുകൾ വിൽക്കണമെന്നാണ് ഇവർ ആവശ്യപ്പെടുക. ഇതിനു തയാറല്ലെങ്കിൽ ഏറ്റെടുക്കൽ പ്രക്രിയയിൽ എല്ലാം നഷ്ടമാകുമെന്ന് അവർ ഭീഷണിപ്പെടുത്തുന്നതായും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ പ്രസിഡന്റ് രാജ്‌നാഥ് തിവാരി പറയുന്നു. 

അതേസമയം പദ്ധതി ക്ഷേത്ര വികസനത്തിന്റെ ഭാഗമാണെന്നും സ്ഥലം വിട്ടുകൊടുക്കുന്നതിന്റെ ലാഭം ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനാണു ശ്രമിക്കുന്നതെന്നും കാശി വിശ്വാനാഥ് ക്ഷേത്രം ട്രസ്റ്റ് സിഇഒ വിശാൽ സിങ് പറയുന്നു. ന്യായമായ നഷ്ടപരിഹാരം സ്വീകരിച്ച് വീടുകൾ സമ്മതത്തോടെ വിട്ടുതരണമെന്നാണ് ആവശ്യപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രത്തിന്റെ വികസനത്തിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കാശി പോലുള്ള തീർത്ഥാടന കേന്ദ്രത്തിൽ വീടുകൾ പോലും ക്ഷേത്രങ്ങളാണ്. തങ്ങളുടെ ക്ഷേത്രവീടുകൾ സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിനു വിൽക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. അവസാനശ്വാസം വരെ ഇതിനെതിരെ നിൽക്കുമെന്നും സംസ്‌ക്കാരം തകർത്തു കളഞ്ഞുള്ള വികസനം വേണ്ടെന്നും പ്രദേശവാസിയായ ഗൗരി ശങ്കർ ശുക്ല പറയുന്നു. ശരിയായ ഹിന്ദു ഒരിക്കലും ക്ഷേത്ര വീട് വിൽക്കില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും അങ്ങാടിയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന വിഗ്രഹങ്ങളും തമ്മിലെന്താണു വ്യത്യാസം, അദ്ദേഹം ചോദിക്കുന്നു.
 

Latest News