തൃശൂർ- തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി. സഹിക്കാൻ കഴിയാത്ത കാലു വേദനയുമായി ഡോക്ടറെ കാണാൻ പോയ രോഗിയോട് വേദന മാറാൻ വിശ്രമിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഡോക്ടർ കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനുമായിരുന്നു.
കഴിഞ്ഞദിവസം രാവിലെയാണ് മമ്മിയൂർ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്ക് എത്തുന്നത്. വസ്‌കുലാർ സർജറി വിഭാഗത്തിലെ ഡോക്ടർ റോയ് വർഗീസിനെയാണ് കഠിനമായ കാലുവേദനയുമായി ഇയാൾ എത്തിയത്. വേദന സഹിക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ ആദ്യം എക്‌സ് റേ എടുക്കാൻ പറയുകയും റിപ്പോർട്ടുമായി ചെന്നപ്പോൾ ഇത് തനിക്ക് പരിഹരിക്കാൻ പറ്റില്ലെന്നും ഡോക്ടർ പറഞ്ഞത്രേ. റസ്റ്റ് എടുക്കണോ എന്ന് രോഗി ചോദിച്ചപ്പോൾ റസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നുകൊള്ളൂ എന്നുമായിരുന്നു പരിഹാസ രൂപത്തിൽ ഡോക്ടർ പറഞ്ഞുതന്നും രോഗി ആരോപിച്ചു. വേദന സഹിക്കാൻ കഴിയില്ലെങ്കിൽ ബാറിൽ പോയി രണ്ടെണ്ണം അടിച്ചോളൂ അപ്പോൾ വേദന അറിയില്ല എന്നും ഡോക്ടർ പറഞ്ഞതായാണ് ആരോപണം. തുടർന്ന് ഈ ഡോക്ടർ തന്റെ പ്രിസ്‌ക്രിപ്ഷനിൽ ഇതേ കാര്യങ്ങൾ ഇംഗ്ലീഷിൽ എഴുതി നൽകുകയും ചെയ്തു.
ഡോക്ടർ മരുന്നു കുറിച്ച് തന്നതാണ് എന്ന് കരുതി രോഗി ആശുപത്രിയിൽ തന്നെയുള്ള ഫാർമസിയിൽ ഈ പ്രിസ്‌ക്രിപ്ഷൻ കൊണ്ട് ചെന്നപ്പോൾ അവിടെയുള്ളവർ പരസ്പരം നോക്കി ചിരിക്കുകയായിരുന്നു ഉണ്ടായത്. അപ്പോഴും രോഗിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് മറ്റൊരു മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോഴാണ് ഡോക്ടർ എഴുതി നൽകിയത് ബാറിൽ പോയി രണ്ടെണ്ണം കഴിച്ചോളൂ എന്നാണെന്ന് മനസ്സിലായത്.
ഡോക്ടറുടെ അധിക്ഷേപകരമായ പെരുമാറ്റം തങ്ങൾക്കേറെ മാനസിക വിഷമമുണ്ടാക്കിയതായി ഇവർ പറഞ്ഞു.
നിയമനടപടിയുമായി മുന്നോട്ടു പോകാൻ ആണ് ഇവരുടെ തീരുമാനമെന്നറിയുന്നു. സംഭവം വിവാദമായതോടെ ഡോക്ടറെ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും പറയപ്പെടുന്നു. ഈ ഡോക്ടർക്കെതിരെ മുൻപും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പലരും പറയുന്നു.