Sorry, you need to enable JavaScript to visit this website.

കർണാടകയിൽ ബിജെപിക്ക് തുണ; റെഡ്ഡി സഹോദരൻമാർക്കെതിരായ കേസുകൾ സി.ബി.ഐ ഒന്നൊന്നായി അവസാനിപ്പിച്ചു

ന്യൂദൽഹി- കർണാടകയിലെ അനധികൃത ഖനനക്കേസിലെ പ്രതികളും ബി.ജെ.പി സ്ഥാനാർത്ഥികളുമായ റെഡ്ഡി സഹോദരൻമാർക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വഴി എളുപ്പമാക്കാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ വഴിയൊരുക്കി. നാലു സംസ്ഥാനങ്ങളിലായി ഇവർക്കെതിരായി നിലവിലുളള അനധികൃത ഖനനം, ഇരുമ്പയിര് കള്ളക്കടത്ത്, അഴിമതി കേസുകളാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഓരോന്നായി സി.ബി.ഐ അവസാനിപ്പിച്ചത്. യാതൊരു അനുമതികളുമില്ലാതെ നിയമങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തു നിന്നും അനധികൃതമായി ഖനനം ചെയ്‌തെടുത്ത ഇരുമ്പയിര് പുറത്തേക്ക് കള്ളക്കടത്തു നടത്തിയ കേസ് അന്വേഷണം 2013ലാണ് കർണാടക സർക്കാർ സി.ബി.ഐയ്ക്കു കൈമാറിയത്. 

നാലു സംസ്ഥാനങ്ങളിലെ ഒമ്പതു തുറമുഖങ്ങൾ വഴി 12,000 കോടി രൂപ വിലമതിക്കുന്ന അനധികൃത ഇരുമ്പയിര് കള്ളക്കടത്തിലൂടെ കയറ്റി അയച്ചെന്നാണ് ഇവർക്കെതിരായ കുറ്റം. നാലു വർഷത്തിനു ശേഷം കർണാടകയിൽ തെഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് സിബിഐ ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള കേസുകൾ ഒന്നിനു പിറകെ ഒന്നായി അവസാനിപ്പിക്കാൻ തുടങ്ങിയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെഡ്ഡിമാർക്കെതിരായ കേസുകൾ അവസാനിപ്പിച്ചതെന്ന് രേഖകൾ പരിശോധിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കേസിലുൾപ്പെട്ട രണ്ടു റെഡ്ഡി സഹോദരരും ഇത്തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന കേസിലെ മുഖ്യപ്രതിയായ ജനാർദന റെഡ്ഡി ബിജെപിക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തുമുണ്ട്. കർണാടകയിലെ ഇവരുടെ ശക്തികേന്ദ്രമാണ് ബെല്ലാരി. ഇവിടെ ജയിക്കാൻ റെഡ്ഡി സഹോദരൻമാരെ കൂട്ടുപിടിക്കാതെ ബിജെപിക്കു കഴിയില്ല.

കർണാടകയിൽ നിന്നെടുത്ത് ഗോവയിയിൽ നന്ന് കയറ്റുമതി ചെയ്ത ഇരുമ്പയിര് സംബന്ധിച്ചു അന്വേഷണം നടത്താൻ മാത്രമാണ് ഗോവ സർക്കാർ അനുമതി നൽകിയിട്ടുള്ളൂവെന്നും അതിനാൽ ഇവിടുത്തെ അന്വേഷണം അവസാനിപ്പിക്കുകയുമാണെന്നും ചൂണ്ടിക്കാട്ടി സിബിഐ ഗോവ യൂണിറ്റ് 2017 ജൂണിലാണ് കർണാടക സർക്കാരിനു കത്തു നൽകിയത്. കർണാടകയിൽ നിന്നുള്ള ഇരുമ്പയിര് ഗോവയിൽ നിന്നെടുത്ത ഇരുമ്പയിരുമായി കൂട്ടിക്കലർത്തിയതിനാൽ ഇതു സംബന്ധിച്ച് വേറിട്ട കണക്കുകൾ എടുക്കാൻ വഴിയില്ലെന്നും കത്തിൽ പറയുന്നു. സമാനമായി 2017 നവംബറിൽ ചെന്നൈയിലേയും ബാംഗ്ലൂരിലേയും സിബിഐ യൂണിറ്റുകളും തമിഴനാട്ടിലേയും കർണാകടയിലേയും അന്വേഷണങ്ങൾ സാങ്കേതിക കാരണങ്ങളാൽ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. 

കർണാടകയിലെ ന്യൂ മാംഗ്ലൂർ, കർവാർ തുറമുഖങ്ങളിൽ നിന്ന് കയറ്റിഅയച്ച അനധികൃത ഇരുമ്പയിര് സംബന്ധിച്ച് പരാതിയില്ലെന്ന ലളിത കാരണം ചൂണ്ടിക്കാട്ടിയാണ് സിബിഐ ബാംഗ്ലൂർ യൂണിറ്റ് കേസ് അവസാനിപ്പിച്ചത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനധികൃത ഇരുമ്പയിരു കടത്തുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിബിഐ യൂണിറ്റ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.

കേസുകൾ സിബിഐ കൈവിട്ടതോടെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഈ കേസുകൾ സിബിഐയിൽ നിന്നും പിൻവലിച്ചതായി വിജ്ഞാപനം ഇറക്കുകയും തുടരന്വേഷണത്തിനായി സംസ്ഥാന തല പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്്. അതേസമയം ആന്ധ്രാ പ്രദേശിലെ മൂന്ന് തുറമുഖങ്ങൾ വഴിയുള്ള കള്ളക്കടത്ത്് സംബന്ധിച്ച് സിബിഐ അന്വേഷണം തുടരുന്നുണ്ട്.
 

Latest News