ഷാർജയിലെ പതിനാലാമത് പാം അക്ഷര തൂലിക കഥാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രീതി രഞ്ജിത്തിനും സി പി അനിൽ കുമാറിനും ആഷത്ത് മുഹമ്മദിനുമാണ് 2021 ലെ അക്ഷര തൂലിക കഥാ പുരസ്‌കാരങ്ങൾ.
പ്രീതി രഞ്ജിത്തിന്റെ 'നെരൂദയുടെ കണ്ണുകൾ ' ഒന്നാം സ്ഥാനവും സി പി അനിൽകുമാറിന്റെ 'കത്തിത്തീർന്ന ഗന്ധം ' രണ്ടാം സ്ഥാനവും ആഷത്ത് മുഹമ്മദിന്റെ 'ഡിമെൻഷ്യ ' മൂന്നാം സ്ഥാനവും നേടി .അനിൽ ദേവസ്സി ജൂറി ചെയർമാനും സലീം അയ്യനത്ത് , വെള്ളിയോടൻ എന്നിവർ അംഗങ്ങളുമായ പുരസ്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .
ഗണിതാധ്യാപികയായ പ്രീതി രഞ്ജിത്ത് മലപ്പുറം വളാഞ്ചേരി സ്വദേശിനിയാണ്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാ വിവരണങ്ങളും എഴുതാറുള്ള പ്രീതി രഞ്ജിത്ത് , ദൈവത്തിന്റെ നൂറാമത്തെ പേര് എന്നീ കഥാ സമാഹാരങ്ങളുടെ രചയിതാവ് കൂടിയാണ് . ഭർത്താവ് രഞ്ജിത്ത് മലയത്ത്, മക്കൾ അതുല്യ , അപൂർവ്വ എന്നിവരോടൊപ്പം ദുബായിൽ താമസിക്കുന്നു
ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയായ സി. പി അനിൽ കുമാർ ദുബായ് ഷെയ്ഖ് റാഷിദ് ആശുപത്രിയിൽ ഹൗസ് കീപ്പിങ് മാനേജർ ആയി ജോലി ചെയ്യുന്നു . 'അബ്‌സല്യൂട്ട്മാജിക്' 'പുരുഷാരവം', 'ഓർമ്മകളുടെ ജാലകം' എന്നീ ചെറുകഥാസമാഹാരങ്ങളുടെ രചയിതാവ് കൂടിയാണ് . അമ്പിളി ഭാര്യയും അബു അനിൽ മകനുമാണ്
തൃശൂർ ചേറ്റുവ സ്വദേശിയായ ആഷത്ത് മുഹമ്മദ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് . ഇരുപത്തി രണ്ട് വർഷമായി ദുബായിൽ താമസിക്കുന്ന ആഷത്ത് ആനുകാലികങ്ങളിൽ കഥകളും യാത്രാ വിവരണങ്ങളും കവിതകളും എഴുതാറുണ്ട്. 'പറയാതെ പോയവൾ 'എന്ന നോവലും 'ആയിഷയുടെ മോഹം' എന്ന കഥാ സമാഹാരവും രചിച്ചിട്ടുണ്ട് . 'എന്റെ സ്‌കൂളും ഞങ്ങളും ഓർമ്മകളും' എന്ന പുസ്തകത്തിന്റെ
എഡിറ്റർ കൂടിയാണ്. ഭർത്താവ് മുഹമ്മദ് ഫിറോഷ് , മക്കൾ സഹനം, സായിദ്, സഫർ. നവംബറിൽ ഷാർജയിൽ വെച്ച് നടക്കുന്ന പാം സർഗ്ഗ സംഗമത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വിജു സി പരവൂർ , പ്രവീൺ പാലക്കീൽ എന്നിവർ അറിയിച്ചു .