ഭുവനേശ്വർ- രാഷ്ട്രീയക്കാരെയും സിനിമ പ്രവർത്തകരെയും ബ്ലാക് മെയിൽ ചെയ്ത് 26-കാരിയായ യുവതി നേടിയത് കോടികൾ. ഒഡീഷയിലെ പട്ടിണി മേഖല എന്ന് വിളിക്കപ്പെട്ടിരുന്ന കലഹണ്ടി ജില്ലയിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള അർച്ചന നാഗാണ് കോടികൾ സമ്പാദിച്ചത്. അർച്ചനക്ക് ഇപ്പോൾ ആഡംബര കാറുകളും നാല് ഉയർന്ന ഇനം നായകളും ഒരു വെള്ളക്കുതിരയും കൊട്ടാരസമാനമായ വീടുമുണ്ട്. മോഷണം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ഇവരുടെ കഥ പുറംലോകം അറിഞ്ഞത്.
രാഷ്ട്രീയക്കാർ, വ്യവസായികൾ, സിനിമാ നിർമ്മാതാക്കൾ തുടങ്ങിയ സമ്പന്നരും സ്വാധീനമുള്ളവരുമായ ആളുകൾക്കൊപ്പം സ്വകാര്യനിമിഷങ്ങൾ പകർത്തി ആ വീഡിയോകളും ചിത്രങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കോടികൾ തട്ടിയത്.
ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അർച്ചന പിന്നീട് ബ്യൂട്ടി പാർലറിൽ ചേർന്നുവെന്നും ബാലസോർ ജില്ലയിലെ ജഗബന്ധു ചന്ദിനെ പരിചയപ്പെടുകയും 2018ൽ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. യൂസ്ഡ് കാർ ഷോറൂം നടത്തിയിരുന്ന ജഗബന്ധുവിന് രാഷ്ട്രീയക്കാർ, നിർമ്മാതാക്കൾ, ബിസിനസുകാർ തുടങ്ങിയ പണക്കാരായ ആളുകളുമായി അടുപ്പമുണ്ടായിരുന്നു. ഇവരുമായി പിന്നീട് അർച്ചന ബന്ധം സ്ഥാപിക്കുകയും അവർക്ക് സ്ത്രീകളെ എത്തിച്ചുനൽകുകയും ചെയ്തു. സ്ത്രീകൾക്കൊപ്പം ഇവർ നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തി. ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണത്തിനായി ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു പതിവ്.
മറ്റ് പെൺകുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തന്നോട് അർച്ചന മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്ന് ഒരു സിനിമാ നിർമ്മാതാവ് നായപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിച്ചു. ഈ റാക്കറ്റിന് അർച്ചന ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു പെൺകുട്ടിയുടെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില ഒക്ടോബർ 6 ന് ഇവരെ അറസ്റ്റ് ചെയ്തത്. അർച്ചനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒഡിയ സംവിധായകൻ ശ്രീധർ മാർത്ത പറഞ്ഞു.
2018 മുതൽ 2022 വരെയുള്ള നാല് വർഷത്തിനുള്ളിൽ ദമ്പതികൾ 30 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അർച്ചനയ്ക്കെതിരെ ഇതുവരെ രണ്ട് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഭുവനേശ്വർ ഡി.സി.പി പ്രതീക് സിംഗ് പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട മറ്റ് ഇരകൾ അവർക്കെതിരെ പരാതി നൽകിയാൽ പോലീസ് നടപടിയെടുക്കുമെന്ന് ഡിസിപി പറഞ്ഞു. അർച്ചനയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, അർച്ചനക്ക് ഭരണകക്ഷിയായ ബി.ജെ.ഡി എം.എൽ.എമാരുമായും മന്ത്രിമാരുമായും ഉള്ള ബന്ധം തുറന്നുകാട്ടപ്പെട്ടാൽ ഒഡീഷയിലെ 22 വർഷം പഴക്കമുള്ള നവീൻ പട്നായിക് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രതിപക്ഷ കോൺഗ്രസ് എം.എൽ.എ എസ്.എസ് സലൂജ അവകാശപ്പെട്ടു. കെണിയിൽ കുടുങ്ങിയ ഭരണകക്ഷി എം.എൽ.എമാരെയും മന്ത്രിമാരെയും യുവനേതാക്കളെയും സംരക്ഷിക്കാനുള്ള ശ്രമമാണ് നേരത്തെ മറ്റ് ചില കേസുകളിൽ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. 18 എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ 25 ഓളം രാഷ്ട്രീയ നേതാക്കൾ അർച്ചനയുടെ ശൃംഖലയിലുണ്ടെന്ന് ബി.ജെ.പി ഭുവനേശ്വർ പ്രസിഡന്റ് ബാബു സിംഗ് അവകാശപ്പെട്ടു.
ആരോപണങ്ങൾ തള്ളിയ ബി.ജെ.ഡി കോൺഗ്രസിനോടും ബി.ജെ.പിയോടും തെളിവ് നൽകാൻ ആവശ്യപ്പെട്ടു.