മുംബൈ- ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം 2016 ജൂലൈ നാലിനു ചാവേര്‍ ബോംബാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന് സൗദി അധികൃതര്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ലക്ഷ്യം കാണാതെ പാഴായിപ്പോയ ആക്രമണം നടത്തിയത് ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഫയാസ് കാഗ്‌സിയാണെന്നും ഇയാള്‍ ഇന്ത്യക്കാരനാണെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൗദി അന്വേഷണ സംഘത്തിന് അയച്ചു കൊടുത്ത കാഗ്‌സിയുടെ ഡിഎന്‍എ ജിദ്ദയില്‍ സ്‌ഫോടനം നടത്തിയ ചാവേറിന്റെ ഡിഎന്‍എയുമായി യോജിച്ചതായി സൗദി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) പിടികിട്ടാപുള്ളികളുടെ പട്ടികയിലുള്ള ഭീകരനാണ് കാഗ്‌സി. നിരവധി ഭീകരാക്രമണ കേസുകളില്‍ പങ്കുള്ള ഇയാള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദല്‍ഹിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ എന്‍ഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
2016-ല്‍ ജൂലൈ നാലിന് മൂന്നിടത്താണ് സൗദിയില്‍ ഭീകരാക്രമണ ശ്രമമുണ്ടായത്. ഇതില്‍ ആദ്യത്തേതാണ് ജിദ്ദയിലേത്. ഈ സംഭവത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഖാതിഫിലെ ഒരു പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിക്കു സമീപവുമായിരുന്നു മറ്റു രണ്ടു സ്‌ഫോടനങ്ങള്‍.