ന്യൂദല്‍ഹി- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വിളമ്പുന്ന വിജ്ഞാനം അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്.
ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി മോഡി ദല്‍ഹിക്കുവിളിപ്പിച്ചുവെന്ന വാര്‍ത്ത കണ്ണില്‍ പൊടിയിടാനാണെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞു.
ഗൂഗിളിനെ നാരദ മുനിയോട് ഉപമിച്ച രൂപാണിക്കും സര്‍ക്കാര്‍ ജോലിക്ക് പോകാതെ പാന്‍ ഷോപ്പ് തുടങ്ങണമെന്ന് ഉപദേശിച്ച ബിപ്ലബ് ദേബിനുമെതിരെ ബി.ജെ.പിയില്‍നിന്നുതന്നെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍
പുരാണം വിളമ്പുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരായ ആക്രമണം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.
വിജയ് രൂപാണി നല്‍കുന്നതാണ് ഗുജറാത്ത് വിജ്ഞാനം. നാരദ മുനിയാണ് യഥാര്‍ഥ സെര്‍ച്ച് ഹാന്‍ഡിലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ഗൂഗിള്‍ എന്തു ധരിക്കുമെന്നാണ് താന്‍ ആലോചിക്കുന്നതെന്ന് രേണുക ചൗധരി പറഞ്ഞു.
മറ്റൊരു മഖ്യമന്ത്രായിയ ബിപ്ലബ് ദേബ് സര്‍ക്കാര്‍ ജോലിക്ക് പോയി സമയം കളയരുതെന്ന് മാത്രമല്ല, വിദ്യാസമ്പന്നരായ യുവാക്കള്‍ പാന്‍ ഷോപ്പ് തുടങ്ങണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. എല്ലാവര്‍ക്കും ഇവരുടെ ആദര്‍ശം നന്നായി അറിയാം. ദല്‍ഹിക്ക് വിളിച്ചുവെന്ന് പറയുന്നതൊക്കെ വെറും നാട്യങ്ങളാണ്. രണ്ട് മുഖ്യമന്ത്രിമാര്‍ നല്‍കുന്ന വിജ്ഞാനം ഇത്തരത്തിലുള്ളതാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നും രേണുക ചൗധരി ചോദിച്ചു.
പൊതു ചടങ്ങില്‍ വെച്ചാണ് ഞയാറാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഗൂഗിളിനെ നാരദമുനിയോട് ഉപമിച്ചത്. ഗൂഗള്‍ ഇന്ന് വിജ്ഞാന സ്രോതസ്സാണ്. നമുക്ക് നാരദ മുനിയെ ഗൂഗളുമായി താരതമ്യം ചെയ്യാം. ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നാരദമുനിക്ക് അറിയാമായിരുന്നു. നാരദന്‍ പലര്‍ക്കും വിവരങ്ങള്‍ കൈമാറിയെങ്കിലും ഒരിക്കലും മാനവികതക്ക് ഹാനികരമാകുന്ന വിവരങ്ങള്‍ നല്‍കിയിരുന്നില്ല- വിജയ് രൂപാണി പറഞ്ഞു.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാരാണ് അതു കണ്ടുപിടിച്ചതെന്നും ത്രിപുര മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.