മൈസൂരു- റിമാന്‍ഡില്‍ കഴിയുന്ന ചിത്രദുര്‍ഗ മുരുഗാ മഠത്തിലെ ബലാത്സംഗക്കേസ് പ്രതി ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി മുരുഗാ ശരണാരുവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂടി പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മൈസൂരു നഗരത്തിലെ നസര്‍ബാദ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
12 ഉം 14 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ മൈസൂരിലെ സിഡബ്ല്യുസിയെ സമീപിച്ചാണ് മഠാധിപതിക്കെതിരെ പുതിയ പരാതികള്‍ നല്‍കിയത്.
അറസ്റ്റിലായ മാഠാധിപതി ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചിത്രദുര്‍ഗ മഠം നടത്തുന്ന അക്കമഹാദേവി ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. ഇവര്‍ സന്നദ്ധ സംഘടനയായ മൈസൂരു ഓടനാടിയെ സമീപിച്ചതിനു ശേഷമാണ്് വിഷയം സിഡബ്ല്യുസിയുടെ മുന്നിലെത്തിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ മഠാധിപതിക്കെതിരെ കേസെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് ഓടനാടി ആയിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷ അഞ്ച് തവണ തള്ളിയ പ്രാദേശിക കോടതി ജയിലില്‍ പ്രത്യേക പരിഗണന വേണമെന്ന ആവശ്യവും നിരാകരിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടായി മഠം നടത്തുന്ന ഹോസ്റ്റലില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാ കേസിലാണ് ലിംഗായത്ത് സന്യാസി അറസ്റ്റിലായത്.