തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹരജിയില്‍ ഇന്ന് വിധി. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.
ഒന്നാം പ്രതി ശ്രീറാമിനെ മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും വഫ വാദിക്കുന്നു. തെളിവ് നശിപ്പിച്ചതിനും വഫക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുറ്റപത്രത്തില്‍ അന്വേഷണ സംഘം പ്രതിചേര്‍ത്ത 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന് വാദിക്കുന്നു.
പോലീസിന്റെ രേഖകളിലോ അനുബന്ധ രേഖകളിലോ തെളിവില്ലെന്ന് വഫയുടെ അഭിഭാഷകന് വാദിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ മ്യൂസിയത്തിന് സമീപം വെച്ച് ഇടിച്ചാണ് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. കെ.എം.ബഷീറിനെ ഇടിച്ച വാഹനം വഫ ഫിറോസിന്റെ പേരിലായിരുന്നു.