Sorry, you need to enable JavaScript to visit this website.

യുവതിയും സംഘവും സിനിമാ നിര്‍മാതാവിന്റെ നഗ്നദൃശ്യം പകര്‍ത്തി 1.70 കോടി തട്ടി

തൃശൂര്‍- സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുരുക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി. പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചുവരുത്തിയാണ് കുരുക്കില്‍പ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. മലയാളത്തില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള തൃശൂര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്. വീണ്ടും ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതോടെയാണ് നിര്‍മാതാവ് പോലീസിനെ സമീപിച്ചിത്.
അഞ്ചുപേര്‍ക്കെതിരെയാണ് തൃശൂര്‍ ഒല്ലൂരില്‍ പരാതി നല്‍കിയത്. യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.
യുവതിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിര്‍മാതാവ്. ഇവരുമായി ദീര്‍ഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തില്‍  ജോലി ചെയ്യുകയും പലപ്പോഴായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികള്‍ ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
1.70 കോടി രൂപ പലപ്പോഴായി പ്രതികള്‍ക്കു നല്‍കി. സാമ്പത്തികമായി തകര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും നിര്‍മാതാവ് പറയുന്നു.
ഭരണമുന്നണിയിലെ എംഎല്‍എയുമായി പ്രതികളില്‍ ഒരാള്‍ക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. പോലീസ് കേസെടുക്കാതെ വന്നതോടെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടുണ്ട്. പരാതിക്കാരന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു.
കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതിലക്ഷ്യ പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.

 

Latest News