റിയാദ് - സൗദി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത ഇസ്രായിലി ചാരന്മാർ ഹജിനിടെ ഭീകരാക്രമണം നടത്തുന്നതിനും പദ്ധതിയിട്ടതായി പ്രത്യേക കോടതിയിൽ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം വെളിപ്പെടുത്തി. ഇരുവരുടെയും കേസിൽ പ്രത്യേക കോടതിയിൽ ഇന്നലെ വിചാരണ ആരംഭിച്ചു. ഇസ്രായിൽ പൗരത്വമുള്ള രണ്ടു ഫലസ്തീനി അറബികളാണ് ഇസ്രായിൽ ചാരസംഘടനയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ വിചാരണ നേരിടുന്നത്. മൊസാദിനു വേണ്ടി ചാരവൃത്തി നടത്തുന്നതിനു വേണ്ടിയാണ് ഒന്നാം പ്രതി സൗദിയിൽ എത്തിയതെന്ന് കുറ്റപത്രം പറയുന്നു. ഐ.എസിനോട് അനുഭാവം വെച്ചുപുലർത്തൽ, ഐ.എസ് അനുഭാവിയുമായി ആശയ വിനിമയം നടത്തൽ, ഹജ് കാലത്ത് ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിടൽ, ലോകാവസാന കാലത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന മഹ്ദി ഇമാമാണെന്ന് സ്വയം വാദിക്കൽ, ലഹരി മരുന്ന് കൈവശം വെക്കൽ-ഉപയോഗിക്കൽ, ഉംറ വിസയിൽ രാജ്യത്തെത്തി അനധികൃതമായി തങ്ങൽ, വ്യാജ വിവരങ്ങൾ നൽകി സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കൽ എന്നീ ആരോപണങ്ങളും ഈ പ്രതി നേരിടുന്നു.
മൊസാദ് ചുമതലപ്പെടുത്തിയതനുസരിച്ച് ഇസ്രായിൽ ചാരസംഘടനക്കു വേണ്ടി വിവരങ്ങൾ ശേഖരിക്കൽ, ഹജിനിടെ ഭീകരാക്രമണം നടത്തി സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രത തകർക്കാൻ ശ്രമിക്കൽ, ഉംറ വിസയിലെത്തി വിസാ കാലാവധിക്കുള്ളിൽ സ്വദേശത്തേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങൽ, വ്യാജ വിവരങ്ങൾ നൽകി സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കൽ എന്നീ ആരോപണങ്ങൾ രണ്ടാം പ്രതിക്കെതിരെയും പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ചു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ ഇരുവർക്കും വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
മറ്റൊരു കേസിൽ, സൗദിയിലേക്ക് ആയുധങ്ങളും ബെൽറ്റ് ബോംബുകളും കടത്താൻ കൂട്ടുനിന്ന സൗദി യുവാവിന് വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഐ.എസിൽ ചേർന്ന് പ്രവർത്തിക്കൽ, ഐ.എസ് ഭീകരരുമായി ആശയവിനിമയം നടത്തൽ, വിദേശത്തെ ഐ.എസ് ഭീകരർക്ക് പണം എത്തിച്ചുനൽകൽ, ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ തോക്ക് വാങ്ങി കൈവശം വെക്കൽ എന്നീ ആരോപണങ്ങളും ഭീകരൻ നേരിടുന്നുണ്ട്.