Sorry, you need to enable JavaScript to visit this website.

എയിംസില്‍നിന്ന് മാറ്റി; ഗൂഢാലോചനയെന്ന് ലാലു 

ന്യൂദല്‍ഹി- അസുഖം ഭേദമാകാതെ തന്നെ ദല്‍ഹി എയിംസില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ആരോഗ്യം തകര്‍ക്കാനുളള ഗൂഢാലോചനയാണെന്ന് കാലിത്തീറ്റ കുംഭകോണത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കാണ് ലാലുവിനെ മാറ്റിയത്. 
ഇത് അനീതിയാണെന്നും ഒട്ടും സൗകര്യമില്ലാത്ത ആശുപത്രിയിലേക്ക് മാറ്റിയത് തന്റെ ജീവന്‍ അപകടത്തിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. 
ലാലു പ്രസാദിനെ എയിംസില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് റാഞ്ചിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.ജെ.ഡി അധ്യക്ഷനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ആശുപത്രിയിലെ ചില്ലുവാതില്‍ തകര്‍ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്തതായി എയിംസ് അധികൃതര്‍ അറിയിച്ചു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാര്‍ച്ച് 29നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ആറു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് ലാലുവിന്റെ ചികിത്സക്കായി നിയോഗിച്ചിരുന്നത്. എയിംസ് അധികൃതര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാലുവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും തുടര്‍ ചികിത്സകള്‍ക്കായി റാഞ്ചി മെഡിക്കല്‍ കോളജിലേക്ക് പോകാമെന്നും പറഞ്ഞത്. 
ഡിസ്ചാര്‍ജ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ഇത് തന്നോടുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലാലു വ്യക്തമാക്കി. ഒരു തരത്തിലുമുള്ള ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സ്ഥലത്തേക്കാണു തന്നെ മാറ്റുന്നതെന്നും ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ലാലു പറഞ്ഞു.
കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ലാലു പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പുറമേ ശരീരത്തില്‍ ക്രിയാറ്റിന്‍ ലെവല്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലാലുവിനെ ആദ്യം റാഞ്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 
എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലാലു പ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. റാഞ്ചി മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനു മുന്‍പേയാണ് രാഹുല്‍ എയിംസിലെത്തി ലാലുവിനെ കണ്ടത്.
ഡിസ്ചാര്‍ജ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തന്റെ ആരോഗ്യാവസ്ഥ ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ലാലു, എയിംസ് അധികൃതര്‍ക്കു കത്തു നല്‍കി. റാഞ്ചി ആശുപത്രിയിലേക്ക് ചികിത്സ മാറുന്നതില്‍ താല്‍പര്യമില്ലെന്നും അവിടെ സൗകര്യങ്ങളില്ലെന്നുമാണ് ലാലു കത്തില്‍ വിവരിച്ചിരുന്നത്. 
ലാലുവിനെ എയിംസില്‍ നിന്ന് മാറ്റാന്‍ ഇത്രമേല്‍ സമ്മര്‍ദം ചെലുത്തിയത് ആരാണെന്ന് അദ്ദേഹത്തിന്റ മകന്‍ തേജസ്വി യാദവ് ചോദ്യമുന്നയിച്ചു. ലാലുവിനെ റാഞ്ചിയിലേക്കു മാറ്റുന്നത് തിടുക്കത്തില്‍ എടുത്ത തീരുമാനമാണ്. ഇത്ര പെട്ടെന്ന് ആശുപത്രിയില്‍ നിന്നു മാറ്റുന്നതിന്റെ പിന്നിലുള്ള കാരണം എയിംസ് അധികൃതര്‍ക്കു മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂ എന്നും തേജസ്വി പറഞ്ഞു. എയിംസ് അധികൃതര്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദത്തിലാണെന്നും ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആര്‍.ജെ.ഡി എം.പി ജയ്പ്രകാശ് നാരായണന്‍ പറഞ്ഞു. 
 

Latest News