തിരുവനന്തപുരം- പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ വച്ച് മന്ത്രവാദം നടത്തിയ സംഭവം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരം പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഒന്നിക്കണം. പൊതുജന അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് സംഭവം. മഠത്തിന്‍റെ ഉടമയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി, യുവജന സംഘടനകൾ സംഭവ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പ്രതിഷേധം ഉയർന്നത്.
ഡി.വൈ.എഫ്.ഐ, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.