അമരാവതി- കഴുത ഇറച്ചി വില്‍പന ഇന്ത്യയില്‍ നിരോധിച്ചതാണ്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് കഴുതയുടെ മാംസം കഴിക്കുന്നത് നിയമവിരുദ്ധമാണ്.അതേസമയം, ആന്ധ്ര പ്രദേശിന്റെ പല ഭാഗങ്ങളിലും കഴുത ഇറച്ചിയ്ക്ക് പൊന്നും വില നല്‍കി വാങ്ങാന്‍ ആളുകള്‍ തയ്യാറാണ്. പുരുഷത്വം വര്‍ദ്ധിക്കുമെന്നും, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കുള്ള മരുന്നാണെന്നും പ്രചരിപ്പിച്ചാണ് ഉയര്‍ന്ന വിലയ്ക്ക് കഴുത ഇറച്ചി വില്‍ക്കുന്നത്. ഇതിന് പിന്നില്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ആന്ധ്രാപ്രദേശില്‍ 400 കിലോഗ്രാം കഴുത ഇറച്ചിയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കഴുത ഇറച്ചി കിലോയ്ക്ക് 700 രൂപയ്ക്കാണ് സംഘം വില്‍പന നടത്തിയിരുന്നത്. അനിമല്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍, ഹെല്‍പ്പ് ഫോര്‍ അനിമല്‍സ് സൊസൈറ്റി, ഈസ്റ്റ് ഗോദാവരി എസ്പി എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ബപട്‌ല ജില്ലയിലെ നാലിടങ്ങളില്‍ നിന്നായി പതിനൊന്നോളം പേരെയാണ് കഴുത ഇറച്ചിക്കടത്തിന് പിടികൂടിയത്. ഉസിലിപ്പേട്ടയിലെ രണ്ട് സ്ഥലങ്ങളിലും വേട്ടപ്പാലം, ചീരാല എന്നീ മേഖലകളിലും നടന്ന റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.
കഴുതയെ കശാപ്പ് ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കഴുതയെ കശാപ്പ് ചെയ്യുന്നുണ്ട്. അടുത്തിടെ അനധികൃത കശാപ്പ് മൂലം രാജ്യത്ത് കഴുതകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, കൃഷ്ണ, പശ്ചിമ ഗോദാവരി ജില്ലകളില്‍ കഴുത ഇറച്ചി വാങ്ങുന്നവര്‍ നിരവധിയാണ്. ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസതടസം മാറുമെന്നും പുരുഷത്വം വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നതാണ് കാരണം. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് മൃഗങ്ങളെ അനധികൃതമായി ഇവിടേയ്ക്ക് കൊണ്ടുവരുന്നത്.